 ഗതാഗതക്കുരുക്ക് രൂക്ഷമാക്കും

തിരുവനന്തപുരം: പേരൂ‌ർക്കട ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കാനുള്ള ശ്രമം കൂടുതൽ സങ്കീർണതയിൽ. കുടപ്പനക്കുന്നിലേക്ക് തിരിയുന്ന റോഡിന്റെ മദ്ധ്യഭാഗത്താണ് ചോർച്ചയുണ്ടായിരിക്കുന്നത്. വലിയ തോതിൽ ചോർന്നൊലിക്കുന്ന വെള്ളം താഴെ വഴയില വരെ ഒഴുകിയെത്തുന്നുണ്ട്.പൊതുവേ ഗതാഗതക്കുരുക്ക് രൂക്ഷമായ ജംഗ്ഷനിൽ വലിയ കുഴിയെടുക്കുന്നതും പണി നീണ്ടാൽ സ്ഥിതിയെങ്ങനെ നിയന്ത്രിക്കുമെന്ന ആശങ്കയിലുമാണ് അധികൃതർ.

പേരൂർക്കട ശുദ്ധജല സംഭരണിയിൽ നിന്ന് നഗരത്തിലേക്കുള്ള 700 എം.എം പ്രമോ പൈപ്പും ചെറിയ പൈപ്പുകളും റോഡിനടിയിലൂടെയുണ്ട്. അതിലേതിലാണ് പൊട്ടലുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല. ചോർച്ച തുടങ്ങിയിട്ട് ഒരു മാസമായെങ്കിലും സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം നിർമ്മാണം പൂർത്തിയാക്കിയ റോഡ് വീണ്ടും വെട്ടിപ്പൊളിക്കാൻ അടുത്തിടെയാണ് അനുമതി കിട്ടിയത്. തുടർന്ന് 19ന് രാത്രി 10നും 21ന് രാവിലെ 6നുമിടയിൽ പണി നടത്താൻ വാട്ടർ അതോറിട്ടി തീരുമാനിക്കുകയായിരുന്നു.

മുന്നൊരുക്കങ്ങളും ത്രിശങ്കുവിൽ

നഗരത്തെ 5 ദിവസത്തോളം വലച്ച കുടിവെള്ള മുടക്കത്തിന്റെ പശ്ചാത്തലത്തിൽ അറ്റകുറ്റപ്പണി ചെയ്യാനുള്ള ഭാഗം കണ്ടെത്തി മുൻകൂർ ചെയ്യേണ്ട പണികൾ ചെയ്തിട്ടേ ജലവിതരണം നിറുത്തിവയ്ക്കാവൂവെന്ന് അതോറിട്ടി ബോർഡ് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ചോർച്ച കണ്ടെത്തിയത് ജംഗ്ഷനിലെ റോഡിന്റെ മദ്ധ്യഭാഗത്തായതിനാൽ പണിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നോ എത്രസമയം ചെയ്യേണ്ടിവരുമെന്നോ വിലയിരുത്താനാവാത്ത അവസ്ഥയാണുള്ളത്. ജലവിതരണം നിറുത്തിവയ്ക്കുന്നതിനുമുമ്പ് റോഡ് പൊളിച്ച് ഇവ കണ്ടെത്താനുമാകില്ല. ജോയിന്റുകളിലാണ് ചോർച്ചയെങ്കിൽ പണി പെട്ടെന്ന് തീർക്കാനാകും. 700 എം.എം പൈപ്പിൽ വലിയ ചോർച്ചയാണുണ്ടായിരിക്കുന്നതെങ്കിൽ റോഡിൽ നീളത്തിൽ കുഴിയെടുത്ത് പൈപ്പ് മാറ്റിസ്ഥാപിക്കേണ്ടി വരുമെന്നും അത് കൂടുതൽ സങ്കീർണമാക്കുമെന്നും അധികൃതർ വിശദമാക്കി.

ഗതാഗതം വഴിതിരിച്ച് വിടേണ്ടിവരും

തിരക്കേറിയ ജംഗ്ഷനായതിനാൽ കൂടുതൽ സമയം ഗതാഗത തടസമുണ്ടാക്കാനാവില്ല. പണിക്കുവേണ്ടി ഗതാഗതം വഴിതിരിച്ച് വിടേണ്ടിവരും.ഇതിനുള്ള അപേക്ഷ ട്രാഫിക് പൊലീസിന് നൽകിയിട്ടുണ്ടെന്ന് വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു.വലിയ പണിയുണ്ടാകുമെന്ന് വിലയിരുത്തിയാണ് ക്രമീകരണങ്ങൾ സജ്ജമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.