തിരുവനന്തപുരം : കേരളകൗമുദി 113 -ാം സ്ഥാപക വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഗ്രാമീണ പ്രതിഭാ പുരസ്‌കാര വിതരണത്തിന്റെ ആദ്യഘട്ടം ഇന്ന് (ബുധൻ) വൈകിട്ട് 5 ന് സ്റ്റാച്യുവിലുള്ള ഹോട്ടൽ മൗര്യ രാജധാനിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യും. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമന്റെ അദ്ധ്യക്ഷതയിൽ ജനറൽ മാനേജർ (ഡെപ്റ്റേഴ്സ്) അയ്യപ്പദാസ്.എ.ജി സ്വാഗതവും ജനറൽ മാനേജർ (പരസ്യവിഭാഗം) ഷിറാസ് ജലാൽ നന്ദിയും പറയും. മുൻ എം.എൽ.എ എ.ടി.ജോർജ്, പൊലീസ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റും ആനാട് ഫാർമേഴ്‌സ് കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റുമായ ആർ.അനിൽകുമാർ, മദർ തെരേസ ഇന്റർനാഷണൽ ചാരിറ്റി അവാർഡ് ജേതാവ് ഡോ.വിമൽകുമാർ, കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ്, എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ്, പ്രൊഫ.ചായം ധർമ്മരാജൻ, എൻജിനിയർ രവീന്ദ്രൻ നായർ, സൺ എഡ്യൂക്കേഷൻ ഡയറക്ടർ ഷമീർ മുഹമ്മദ്, ചിത്രകൂടം ഡയറക്ടറും കവിയുമായ പോതുപാറ മധുസൂദനൻ നായർ, പൂവത്തൂർ ശ്രീഭദ്രകാളി ക്ഷേത്രം ട്രസ്റ്റ് മെമ്പർ പൂവത്തൂർ ജയൻ, ചൂഴ ക്ഷീരോത്പാദക സഹ.സംഘം പ്രസിഡന്റ് ഈഞ്ചപ്പുരി സന്തു, സുമേഷ് ദേവ് (ദേവ കൺസ്ട്രക്ഷൻ), മഞ്ചവിളാകം കാർത്തികേയൻ എന്നിവർ പ്രതിഭാപുരസ്കാരം ഏറ്റുവാങ്ങും.