തിരുവനന്തപുരം: സിയോണിസ്റ്റുകളും സംഘപരിവാറും ഇരട്ട സഹോദരങ്ങളാണെന്നും ഹിറ്റ്ലറെയും മുസോളിനിയെയും മാതൃകയാക്കിയ സംഘടനയ്ക്കു സിയോണിസ്റ്റുകളെ അംഗീകരിക്കാൻ മടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യുദ്ധവിരുദ്ധ സമാധാന സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്തുചെയ്‌തും അമേരിക്കയെ പ്രീണിപ്പിക്കുകയെന്ന നിലയിലേക്ക് കേന്ദ്രസർക്കാർ മാറി. സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ ഇന്ന് വലിയ മാറ്റത്തിലാണ്. അമേരിക്കയുടെ താവളമായി ഇന്ത്യയെ വിട്ടുകൊടുക്കാൻ മടികാണിക്കില്ലെന്നതാണ് സ്ഥിതി. സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ധ്യക്ഷനായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ഐപ്സോ ദേശീയ ജനറൽ സെക്രട്ടറി ആർ.അരുൺകുമാർ,സംസ്ഥാന സെക്രട്ടറി വി.ബി.ബിനു,സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,ഐപ്സോ വൈസ് പ്രസിഡന്റ് കെ.അനിൽകുമാർ,വി.കെ.ജനാർദ്ദനക്കുറുപ്പ്,സി.പി.നാരായണൻ,വി.വേലായുധൻ,എം.എ.ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.