p

തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയെന്ന് ആക്ഷേപമുയരുമ്പോഴും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് സി.എ.ജി.യുടെ അവലോകന റിപ്പോർട്ട്. പൊതുമേഖലയുടെ കൈകാര്യവും ബഡ്‌ജറ്റിന് പുറത്ത് വായ്പയെടുക്കുന്നതുമാണ് ബാദ്ധ്യത.

131പൊതുമേഖലാസ്ഥാപനങ്ങളിൽ 77ഉം നഷ്ടത്തിലാണ്. അവയുണ്ടാക്കിയത് 18,026.49കോടിയുടെ ബാദ്ധ്യതയാണ്. 44സ്ഥാപനങ്ങളുടെ ആസ്തിവിറ്റാലും മുടക്കുമുതൽ തിരിച്ചുകിട്ടില്ല.

കിഫ്ബിയും സാമൂഹ്യസുരക്ഷാ പെൻഷൻ ഫണ്ടും പോലുള്ള സ്ഥാപനങ്ങൾ ബഡ്ജറ്റിന് പുറത്ത് എടുത്ത വായ്പയിൽ 29,475.97കോടി തിരിച്ചടയ്‌ക്കാനുണ്ട്. ഇതിന്റെ ബാധ്യത ഖജനാവിന് ഭാരമാവും.

മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 8.69%വളർച്ചയുണ്ട്. 10.46ലക്ഷം കോടിയാണ് ആഭ്യന്തര ഉൽപാദനം.നികുതി വരുമാനം 58,340.52കോടിയിൽ നിന്ന് 71,968.16കോടിയായും നികുതിയേതര വരുമാനം 10,462.51കോടിയിൽ നിന്ന് 15,117.96കോടിയായും ഉയർന്ന് മൊത്തവരുമാനം 1.32ലക്ഷം കോടിയിലെത്തി. ചെലവാകട്ടെ 1.63ലക്ഷം കോടിയിൽ നിന്ന് 1.58കോടിയിൽ നിയന്ത്രിക്കപ്പെട്ടു. മൂലധന ചെലവ് 14,191.73കോടിയിൽ നിന്ന് 13,996.56 ആയി കുറഞ്ഞത് തിരിച്ചടിയായി. റെവന്യൂ കമ്മിയിലും ധനകമ്മിയിലും സംസ്ഥാനം സുസ്ഥിരമാണ്.

ധന ഉത്തരവാദിത്വ നിയമം അനുസരിച്ച് ധനകമ്മി 4%ൽ താഴെയായിരിക്കണം. സംസ്ഥാനത്ത് അത് 2.44% മാത്രമാണ്. എന്നാൽ റവന്യൂ കമ്മി 0.80% ആണ് പരിധി. ഇവിടെ 0.88% ആണ്.ഇത് കുറയ്ക്കണം.

ബാദ്ധ്യത ആകസ്മികം :മന്ത്രി ബാലഗോപാൽ

കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെൻഷൻ ഫണ്ടും എടുക്കുന്ന വായ്പകൾ ബാദ്ധ്യതയാണെന്ന സി.എ.ജി റിപ്പോർട്ട് പെരുപ്പിച്ചതാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കിഫ്ബി വായ്പ സർക്കാർ ഗ്യാരണ്ടിയിലാണ്. അത് നേരിട്ടുള്ള ബാദ്ധ്യതയാവില്ല. കിഫ്ബി ലാഭകരമായ പദ്ധതികൾക്ക് പണംമുടക്കുകയും തനത് വരുമാനം സ്വരൂപിക്കുകയും ചെയ്യുമ്പോൾ ആ ബാദ്ധ്യത ആകസ്മികമാണ്. സാമൂഹ്യ സുരക്ഷാഫണ്ട് 60ലക്ഷത്തിലധികം പേർക്ക് ക്ഷേമപെൻഷൻ വൈകാതിരിക്കാനാണ്. ഇൗ തുകയുടെ ഭൂരിഭാഗവും അതത് വർഷം തിരിച്ചടക്കാറുണ്ട്.