
തിരുവനന്തപുരം: ശ്രീകാര്യം പൊലീസ് സ്റ്റേഷന് സ്വന്തമായൊരു കെട്ടിടം യാഥാർത്ഥ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രദേശവാസികളുടെ ആവശ്യം.ഇപ്പോൾ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂര എപ്പോൾ വേണമെങ്കിലും നിലംപതിക്കാമെന്ന നിലയിലെത്തിയെന്ന 'കേരളകൗമുദി' വാർത്ത ഇന്നലെ സജീവ ചർച്ചയായിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നതുവരെ പൊലീസ് സ്റ്റേഷൻ സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന നിർദേശമാണ് പൊതുവെ ഉയർന്നുവന്നത്.
ജനമൈത്രി പൊലീസ് സ്റ്റേഷനായ ഇവിടെ ജീവനക്കാർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും മതിയായ സൗകര്യമില്ല.പിന്നെ എങ്ങനെ ഇവിടെ പരാതികളുമായി എത്തുന്നവർക്ക് പൊലീസ് മതിയായ സൗകര്യമൊരുക്കുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. കേരളകൗമുദി വാർത്തയോട് നിരവധി പ്രതികരണങ്ങളാണ് ഇന്നലെ ലഭിച്ചത്. അതിൽ ചിലത്:
ശ്രീകാര്യത്തേത് നഗരത്തിലെ പ്രധാന പൊലീസ് സ്റ്റേഷനാണ്.വാർത്തയിൽ പറഞ്ഞിരിക്കുന്നതു പോലെ സ്റ്റേഷന്റെ അവസ്ഥ പരിതാപകരമാണ്.പുതിയ കെട്ടിട നിർമ്മാണത്തിനായി സർക്കാർ കണ്ടെത്തിയ സ്ഥലം ഇതിനായി അനുവദിക്കാൻ ശ്രമങ്ങൾ തുടരുന്നു.
സ്റ്റാൻലി ഡിക്രൂസ്,ശ്രീകാര്യം വാർഡ് കൗൺസിലർ
നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു വലിയ പ്രദേശം ഉൾപ്പെടുന്നതും ഏറ്റവും കൂടുതൽ ക്രൈം കേസുകളുണ്ടാകുന്ന ഇവിടെ പൊലീസ് സ്റ്റേഷന് സൗകര്യമുള്ള കെട്ടിടം അനിവാര്യമാണ്.സ്റ്റേഷനിലെത്തുന്നവർക്ക് കയറി നിൽക്കാൻ പോലും ഇടമില്ലാത്തത് ഏറെ ദുഃഖകരമാണ്.''
കരിയം വിജയകുമാർ,
പ്രസിഡന്റ്, ശ്രീഭദ്ര റസിഡന്റ്സ് അസോസിയേഷൻ
ദീർഘകാലമായുള്ള ആവശ്യമാണ് ശ്രീകാര്യം പൊലീസ് സ്റ്റേഷന് ഒരു പുതിയ മന്ദിരമുണ്ടാവുക എന്നത്. കേരളകൗമുദിയിൽ വാർത്ത വന്നതോടെ എത്രയും വേഗം അത് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരി സമൂഹവും.
ജഗന്നാഥൻ സി.പാലാഴി, രക്ഷാധികാരി
വ്യാപാരി വ്യാവസായി ഏകോപന സമിതി കരിയം യൂണിറ്റ്.
പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം വേണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിരുന്നു.കേരളകൗമുദി ചൂണ്ടിക്കാണിച്ച വസ്തുത സർക്കാർ തിരിച്ചറിയുമെന്ന് വിശ്വസിക്കുന്നു.
സി.ബാബു കരിയം പൗരസമിതി ചെയർമാൻ.
പ്രദേശവാസികൾക്ക് പെട്ടെന്ന് എത്താൻ കഴിയുന്ന പ്രധാന സ്ഥലത്ത് പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കണം.
ഡോ.ജി.സുരേഷ് കുമാർ,പ്രസിഡന്റ്,
വിദ്യാധിരാജ സ്മാരക എൻ.എസ്.എസ് കരയോഗം കരിയം