തിരുവനന്തപുരം: പൂജപ്പുര മഹിളാമന്ദിരത്തിന് മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ മെഡിക്കൽ കോളേജിന് മുന്നിൽ ഇറക്കിവിട്ടതായി പരാതി.അത്യാഹിത വിഭാഗത്തിന് മുന്നിൽ പത്ത് മിനിറ്റോളം യുവാവ് മരണവെപ്രാളത്തിൽ പുളഞ്ഞു.ഇന്നലെ രാത്രി 7ഓടെയാണ് കരകുളം കാച്ചാണി ചരിവിളാകത്ത് വീട്ടിൽ ബൈജു(48) പൂജപ്പുര മഹിളാ മന്ദിരത്തിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബൈജുവിന്റെ ഭാര്യ സൗമ്യ ആറുമാസമായി ഇയാളുമായി പിണങ്ങി മഹിളാമന്ദിരത്തിലാണ് താമസിക്കുന്നത്. സൗമ്യ സ്വകാര്യസ്ഥാപനത്തിൽ ജോലിക്കുപോയ സമയത്ത് ബൈജു മക്കളോടൊപ്പം എത്തിയപ്പോൾ ഇവരെ കാണാത്തതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടർന്ന് ഇയാൾ റോഡിലേക്കോടി. ചെങ്കൽച്ചൂള ഫയർഫോഴ്സെത്തിയ തീയണച്ചു.തുടർന്ന് പൂജപ്പുര പൊലീസ് ഇയാളെ സ്വകാര്യ ആംബുലൻസിൽ കയറ്റിവിടുകയായിരുന്നു.ആശുപത്രിയുടെ സ്ട്രെച്ചർ എത്തിക്കുന്നതിന് മുൻപ് ആംബുലൻസ് ഡ്രൈവർ ഡോർ തുറന്നതോടെ ബൈജു നിലത്തുവീണു. അതേസമയം അറ്റൻഡർ വന്നില്ലെന്നും പ്രാഥമിക ചികിത്സ കൊടുത്തില്ലെന്നും ആരോപണമുണ്ട്. ബൈജു നിലത്ത് കിടന്ന് പുളയുന്ന വീഡിയോ ആളുകൾ പകർത്തിയതോടെ പ്രതിഷേധമുയർന്നു. തുടർന്ന് ജീവനക്കാരെത്തി സ്ട്രെച്ചറിൽ ഇയാളെ അകത്തേയ്ക്ക് കൊണ്ടുപോയി.90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാൾ അത്യാസന നിലയിൽ തുടരുകയാണ്.
തടയാൻ ശ്രമിച്ചവർക്കും പൊള്ളലേറ്രു
ബൈജു ആത്മഹത്യ ചെയ്യുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരനും ഹോം ഗാർഡിനും പൊള്ളലേറ്റു. പൂജപ്പുര പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ അഭിലാഷിന് ദേഹത്തും രണ്ടു കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഹോംഗാർഡ് സുധീറിനും പരിക്കേറ്റു. നേരത്തെ ബൈജു ഭാര്യയെ ഉപദ്രവിക്കുകയും വീടിന് തീയിടുകയും ചെയ്തിട്ടുണ്ട്. ബൈജുവിനെതിരെ ആത്മഹത്യാശ്രമത്തിന് പൊലീസ് കേസെടുക്കും.