തിരുവനന്തപുരം: പൊള്ളലേറ്റ രോഗിയെ അത്യാഹിത വിഭാഗത്തിന് മുന്നിൽ ഇറക്കിവിട്ട ആംബുലൻസ് ഡ്രൈവർക്കെതിരെ ആർ.എം.ഒ പൊലീസിൽ പരാതി നൽകിയതായി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്.സുനിൽകുമാർ അറിയിച്ചു.ഡ്രൈവർ മദ്യലഹരിയിലായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം വാഹനത്തിൽ നിന്ന് ഇറക്കി നടത്തിക്കൊണ്ടു പോകാനാണ് ഡ്രൈവർ ശ്രമിച്ചത്. രോഗിക്ക് പൊള്ളലേറ്റതാണെന്ന വിവരം അറിയിച്ചിരുന്നില്ല. രോഗിയെ കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റൻഡർ സ്റ്റെറിലൈസ് ചെയ്ത വശങ്ങളിൽ റെയിൽ പിടിപ്പിച്ച പ്രത്യേക ട്രോളി എടുക്കുന്നതിന് അകത്തേക്ക് പോയ സമയം ഡ്രൈവർ രോഗിയെ നടത്തിച്ചു. ഇതിനിടെ രോഗി അത്യാഹിത വിഭാഗത്തിന് മുന്നിൽ തളർന്നുവീണു. സി.സി ടിവി പരിശോധനയിൽ രണ്ടു മിനിട്ടിനുള്ളിൽ ട്രോളി കൊണ്ടുവന്ന് രോഗിയെ ഡോക്ടറുടെ അടുത്തെത്തിക്കുന്നത് വ്യക്തമാണ്. ഡ്രൈവർ ഇതിനിടയിൽ മറ്റൊരു ആംബുലൻസ് മാറി എടുത്തുകൊണ്ടു പോവുകയും അത്യാഹിത വിഭാഗത്തിനു മുന്നിലെ ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടാക്കുകയും ചെയ്തു. ഇയാളെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. 90 ശതമാനത്തിലധികം പൊള്ളലേറ്റ രോഗിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബേൺസ് ഐ.സി.യുവിലേക്ക് മാറ്റിയെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.