muthalappozhi

ചിറയിൻകീഴ്: മുതലപ്പൊഴിയിലെ പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ ബാർജുകൾ മത്സ്യത്തൊഴിലാളികൾക്ക് അപകട ഭീഷണിയുയർത്തുന്നു.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് ബാർജുകൾ പുലിമുട്ടിലേക്ക് ഇടിച്ചു കയറിയത്.പുലിമുട്ടിൽ കുടുങ്ങിയ ബാർജുകളെ ലോംഗ് ബൂം ക്രെയിൻ ഉപയോഗിച്ച് കടലിലേക്ക് ഇറക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ച അദാനി തുറമുഖ വിദഗ്ദ്ധസംഘം നടത്തിയ പരിശോധനയിൽ ബാർജുകൾക്ക് യന്ത്രത്തകരാറുള്ളതായി കണ്ടെത്തി. ബാർജുകളുടെ പ്രൊപ്പല്ലർ അടക്കമുള്ള ഭാഗങ്ങൾക്ക് കേടുപാടുകൾ പറ്റി. ഇതിനിടയിൽ ചൊവ്വാഴ്ച രാത്രിയിലുണ്ടായ ശക്തമായ തിരയടിയിൽ പുലിമുട്ടിൽ കുടുങ്ങിക്കിടന്ന ബാർജുകളിൽ ഒന്ന് പുലിമുട്ടിൽ നിന്ന് ഇളകി മാറി അഴിമുഖത്തെത്തി.രാവിലെ മത്സ്യത്തൊഴിലാളികളും അധികൃതരും ചേർന്ന് വടം ഉപയോഗിച്ച് വലിച്ചുമാറ്റി ഈ ബാർജിനെ മുതലപ്പൊഴി പാലത്തിന് സമീപം പെരുമാതുറ സൈഡിൽ നങ്കൂരമിട്ടിരിക്കുകയാണ്. മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അപകടക്കെണിയായി തീർന്നിരിക്കുകയാണ് ബാർജുകൾ.

തിരയടി ശക്തം

മുതലപ്പൊഴി അഴിമുഖത്ത് തിരയടി ശക്തമാണ്.ബോട്ടുകൾ ഇവിടം കടക്കാൻ പെടാപ്പാട് പെടുകയാണ്. തിരയുടെ ഗതി മനസിലാക്കി സാവകാശമാണ് ബോട്ടുകൾ അഴിമുഖം കടക്കുന്നത്.എന്നാലും ശക്തമായ തിരയടിയിൽ നിയന്ത്രണം വിട്ട് പുലിമുട്ടിൽ ചെന്നിടിക്കുന്ന ബോട്ടുകളുടെ നിര കുറവല്ല.ബാർജുകൾ വഴിമുടക്കിയായി പുലിമുട്ടിന് സമീപത്ത് കിടക്കുന്നതിനാൽ ബോട്ടുകൾ നിയന്ത്രണം വിട്ടാൽ ബാർജിൽ ഇടിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. ഇത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.

അപകടത്തുരുത്ത്

ബാർജിൽ ലൈറ്റില്ലാത്തതു കാരണം രാത്രിയിൽ മത്സ്യബന്ധനത്തിനായി അഴിമുഖം കടക്കുന്ന വള്ളക്കാരും അപകടത്തിലാണ്. അഴിമുഖത്തെ മണൽ നീക്കത്തിനും വിഴിഞ്ഞത്തേക്ക് കരിങ്കല്ലുകൾ എത്തിക്കുന്നതിനും വേണ്ടിയാണ് ബാർജുകൾ ഇവിടെയെത്തിച്ചത്. വിഴിഞ്ഞത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്കിടയിലാണ് നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറിയത്.

ആശങ്കയൊഴിയുന്നില്ല

വേറെ ബാർജ് മുതലപ്പൊഴിയിലെത്തിച്ച് കുടുങ്ങിക്കിടക്കുന്ന ബാർജിനെ കെട്ടിവലിച്ച് ഇളക്കി മാറ്റാനാണ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്.തുലാവർഷം ആരംഭിച്ചതിനാൽ തിരയടി ഇവിടെ വളരെ ശക്തമാണ്. മറ്റു ബദൽ മാർഗ്ഗങ്ങളും സജീവ പരിഗണനയിലാണ്.ഇവ സാദ്ധ്യമാകാൻ ദിവസങ്ങൾ നീളുന്നത് മത്സ്യത്തൊഴിലാളികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുകയാണ്.