divya-pp

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊതുവേദിയിൽ അഴിമതി ആരോപണം ഉന്നയിച്ച് എ.ഡി.എം നവീൻ ബാബുവിനെ അപമാനിക്കുകയും അദ്ദേഹം ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായുള്ള പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമുണ്ടായിട്ടുണ്ട്. ഓഫീസിനുള്ളിലും പൊതുവേദികളിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ടതായുള്ള പെരുമാറ്റച്ചട്ടങ്ങളെ കുറിച്ച് കേരള പഞ്ചായത്തിരാജ് നിയമത്തിലെ 185-ാം ചട്ടത്തിൽ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമല്ല,മറ്റിടങ്ങളിലും പൊതുപെരുമാറ്റച്ചട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഈ ചട്ടങ്ങൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിയമപരമായ ബാദ്ധ്യതയാണെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് 1996ൽ നൽകിയ സെൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള പഞ്ചായത്തിരാജ് ചട്ടങ്ങളിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയത്. പഞ്ചായത്തിന്റേതാണെങ്കിലും ബന്ധപ്പെട്ട വകുപ്പുകളിലേതാണെങ്കിലും ഉദ്യോഗസ്ഥരോട് അവരുടെ പ്രൊഫഷണൽ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും കണക്കിലെടുത്ത് മാത്രമേ ജനപ്രതിനിധികൾ പെരുമാറാവൂയെന്നും അത് ഹനിക്കുന്ന നടപടികളുണ്ടാകരുതെന്നും ചട്ടത്തിൽ പറയുന്നു.

പരസ്പര ബഹുമാനം കാണിക്കുകയും പരുഷമായ ഭാഷയും ആംഗ്യാക്ഷേപങ്ങളും ഒഴിവാക്കുകയും വേണം. ഉദ്യോഗസ്ഥനെതിരേ പരാതിയുണ്ടെങ്കിൽ ഓംബുഡ്സ്മാന് പരാതി നൽകാം. ജനപ്രതിനിധികൾക്കെതിരേയാണെങ്കിൽ തദ്ദേശസ്വയംഭരണ നിയമത്തിലെ 271ജി പ്രകാരം ഓംബുഡ്സ്മാന് പരാതിയും റിപ്പോർട്ട് നൽകാനും ഉദ്യോഗസ്ഥന് സാധിക്കുമെന്ന് ചട്ടത്തിൽ പറയുന്നു.

അപ്രതീക്ഷിതമായുണ്ടാക്കിയ കടന്നാക്രമണം

മികച്ച ട്രാക്ക് റെക്കാഡുള്ളയാളും സത്യസന്ധനുമെന്ന് അറിയപ്പെട്ടിരുന്ന എ.ഡി.എം നവീൻ ബാബുവിന് റവന്യു ഉദ്യോഗസ്ഥർ നൽകിയ യാത്രഅയപ്പിനിടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അഴിമതി ആരോപണമുയർത്തി ഇടിച്ചുകയറിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ഒരാൾക്ക് കടന്നുചെന്ന് അഴിമതിയാരോപണം ഉയർത്താനുള്ള വേദിയായിരുന്നില്ല യാത്രഅയപ്പ് സമ്മേളനം.​ പരിപാടിയിലേക്ക് ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്നു മാത്രമല്ല, ​അവിടെചെന്ന് ഉദ്യോഗസ്ഥനെതിരേ വിമർശനം ഉന്നയിക്കാനുള്ള സവിശേഷ അധികാരമൊന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനില്ലായിരുന്നുതാനും. അതുതന്നെ ചട്ടലംഘനമാണ്. അഴിമതി ഉണ്ടായിട്ടുണ്ടെന്ന് ദിവയ്ക്ക് കൃത്യമായ ബോദ്ധ്യമുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെയോ മുഖ്യമന്ത്രി അടക്കമുള്ള അധികാര കേന്ദ്രങ്ങളെയോ അറിയിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ബന്ധപ്പെട്ട ഓംബുഡ്സ്മാന് പരാതി നൽകാനും അവസരമുണ്ട്. അല്ലെങ്കിൽ രാഷ്ട്രീയ യോഗങ്ങൾ വിളിച്ചുകൂട്ടി ആരോപണമുന്നയിക്കാനും ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ ദിവ്യയ്ക്ക് കഴിയുമായിരുന്നു.

താങ്ങാനാകാത്ത

ആഘാതം

തീർത്തും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയാണ് ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായത്. അത് മാനസികമായി തകർത്തതുമൂലമാവും അദ്ദേഹം ജീവനൊടുക്കിയത്. അഴിമതിക്കാരനാക്കാൻ കരുതിക്കൂട്ടി നടത്തുന്ന നീക്കങ്ങൾ സാധാരണക്കാരനും സത്യസന്ധനുമായ ഒരു ഉദ്യോഗസ്ഥന് താങ്ങാനാവില്ല. അത്രമാത്രം വലിയ മാനസിക ആഘാതവും അപമാനഭാരവുമാകാം നവീൻ ബാബുവിനും ഉണ്ടായിട്ടുള്ളത്.

അഴിമതിക്കാരനായിരുന്നെങ്കിൽ ഉന്നതരെ സ്വാധീനിച്ച് അത് മൂടിവയ്ക്കാൻ മാത്രമേ ശ്രമിക്കുമായിരുന്നുള്ളൂ. അത്തരം നീക്കങ്ങളാണ് മിക്കപ്പോഴും നടക്കുന്നതും. അങ്ങനെയൊന്നും ശ്രമിക്കാതെ,​നേരിട്ട അപമാനത്തിൽ മനംനൊന്താണ് ഈ ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതെങ്കിൽ അദ്ദേഹത്തിനുണ്ടായത് ചെറിയ ആഘാതമായി കണക്കാക്കാനാകില്ല. പ്രത്യേകിച്ച് സ്ഥാപിത താത്പര്യങ്ങൾക്കോ അധികാര കേന്ദ്രങ്ങളെ തൃപ്തിപ്പെടുത്താനുള്ള ആജ്ഞാനുവർത്തിത്വത്തിനോ വഴിപ്പെടാതെ ജോലി ചെയ്തിട്ടുള്ളവർക്ക്.