
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയിൽ നാശത്തിന്റെ വക്കിലാണ് യൂണിവേഴ്സിറ്റി കോളേജിന് എതിർവശത്തുള്ള കോളേജിന്റെ ഭാഗമായ മലയാളം വകുപ്പ് പ്രവർത്തിക്കുന്ന കെട്ടിടം.
എ.ആർ.രാജരാജവർമ്മ സ്‌മാരക പൗരസ്‌ത്യഭാഷാ പഠനഗവേഷണകേന്ദ്രം പ്രവർത്തിക്കുന്ന ഈ പൈതൃകമന്ദിരം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായതോടെ കുറേ നാളുകളായി പൂട്ടിയിട്ടിരിക്കുകയാണ്. 1869 സെപ്‌തംബർ 30ന് എച്ച്.എച്ച് മഹാരാജാസ് കോളേജിന് (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ) തറക്കല്ലിട്ടതോടെയാണ് പാളയം ഒരു വിദ്യാഭ്യാസ സോൺ കൂടിയായി മാറിയത്. ആദ്യത്തെ സർക്കാർ പെൺപള്ളിക്കൂടം പ്രവർത്തിച്ച ഈ കെട്ടിടം സ്ത്രീ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു സ്‌മാരക മന്ദിരമാണ്. ഈ പെൺപള്ളിക്കൂടത്തെ 1895ൽ രണ്ടാം ഗ്രേഡ് കോളേജാക്കിയും 1920ൽ ഒന്നാം ഗ്രേഡ് കോളേജാക്കിയും ഉയർത്തിക്കൊണ്ട് മഹാരാജാസ് കോളേജ് ഫോർ വിമെൻസ് എന്ന പേരിൽ 1922ലാണ് പാളയത്തെ ഈ കെട്ടിടത്തിൽ നിന്ന് വഴുതക്കാട്ടേക്കു മാറ്റിയത്. അവിടെ 1923ൽ ഈജിപ്ഷ്യൻ മാതൃകയിൽ നിർമ്മിച്ച കെട്ടിടത്തിലാണ് ഇന്ന് കാണുന്ന ഗവ.വിമെൻസ് കോളേജ് നിലകൊള്ളുന്നത്.
ആ കോളേജിന്റെ മൂലസ്ഥാനമായ പാളയത്തെ ഈ പുരാതന കെട്ടിടത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നിന്ന് മാറ്റി പുരാവസ്‌തു വകുപ്പിന് കൈമാറിയാൽ മാത്രമേ പുതിയ മാസ്റ്റർ പ്ലാനിൽ പൈതൃക ഇടനാഴിയായി ഇവിടം വിജ്ഞാപനം ചെയ്‌തതിന് അർത്ഥമുള്ളൂ. ചെങ്കല്ലിന്റെ കടും ചുവപ്പുനിറമേകിയ ഈ സരസ്വതീ മന്ദിരങ്ങൾ കേരളത്തിന്റെ തന്നെ വിദ്യാഭ്യാസ ചരിത്രത്തിലെ നേർസാക്ഷ്യമായ സ്‌മാരകങ്ങളാണ്.