
സൈബർ തട്ടിപ്പുകളുടെ തിരക്കഥയിലെ പുതിയ പ്രയോഗമാണ് വെർച്വൽ അറസ്റ്റ്! ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാൻ സൈബർ കൊള്ളക്കാർ പ്രയോഗിക്കുന്ന പുതിയ അടവാണിത്. സി.ബി.ഐ, കസ്റ്റംസ്, എൻഫോഴ്സ്മെന്റ്, പൊലീസ് ഉദ്യോഗസ്ഥരായും സുപ്രീംകോടതി ജഡ്ജിമാരായും വരെ വേഷംകെട്ടി നമ്മളെ വെർച്വലായി 'അറസ്റ്ര് " ചെയ്തെന്ന് ഭീഷണിപ്പെടുത്തി പണംതട്ടുന്നതാണ് ഈ ന്യൂജെൻ ഹൈടെക് രീതി.
സമൂഹത്തിലെ ഉന്നതന്മാർ മുതൽ ചലച്ചിത്രതാരങ്ങളും സംഗീതജ്ഞരും വരെ ഈ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. ഇന്ത്യയിലെ നിയമസംവിധാനത്തിൽ ഓൺലൈനായി അറസ്റ്റ് എന്നൊന്നില്ലെന്ന് മനസിലാക്കുകയും, തട്ടിപ്പു തന്ത്രങ്ങളോട് പ്രതികരിക്കാതിരിക്കുകയും ചെയ്താൽ ഈ തട്ടിപ്പിന് തടയിടാനാവും. ആറുമാസത്തിനിടെ ഇരുനൂറോളം പേർ തട്ടിപ്പിനിരയായി. ചെറിയ തുകകൾ മുതൽ മൂന്നരക്കോടി വരെ നഷ്ടപ്പെട്ട കേസുകളുണ്ട്. നാർകോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ്, സൈബർ സെൽ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായി ചമഞ്ഞും തട്ടിപ്പുണ്ട്. തിരുവനന്തപുരം നഗരത്തിൽ ആറുമാസത്തിനിടെ 35 കോടി രൂപയാണ് തട്ടിപ്പുകാർ അടിച്ചെടുത്തത്.
നിങ്ങൾ അയച്ചതോ, നിങ്ങളുടെ വിലാസത്തിൽ വന്നതോ ആയ പാഴ്സലിൽ മയക്കുമരുന്നോ, വ്യാജ പാസ്പോർട്ടോ, വ്യാജ ആധാർ കാർഡോ ഒക്കെ ഉണ്ടെന്നായിരിക്കും ചിലപ്പോൾ പറയുക. ഏതെങ്കിലും തീവ്രവാദ കേസുമായി ബന്ധപ്പെട്ടിടത്ത് നമ്മുടെ ആധാറോ ക്രെഡിറ്റ്കാർഡോ കിട്ടിയെന്നും പറയും. നമ്മുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചെടുത്ത സിം കാർഡ് തട്ടിപ്പുകൾക്ക് ഉപയോഗിച്ചെന്നും, ബാങ്ക് അക്കൗണ്ടിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണമെത്തിയെന്നുമൊക്കെ തട്ടിപ്പുകാർ വിശ്വസിപ്പിക്കും. ഭാര്യയോ മക്കളോ ഉറ്റബന്ധുക്കളോ അറസ്റ്റിലാണെന്നാവും ചിലപ്പോഴത്തെ തന്ത്രം.
പറയുന്ന കേസ്
പല വിധം!
മയക്കുമരുന്ന്, കള്ളപ്പണം വെളിപ്പിക്കൽ, ലഹരിമരുന്ന് കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ കാണൽ, തീവ്രവാദം, മനുഷ്യക്കടത്ത് എന്നിങ്ങനെ കേസുകളിൽ അറസ്റ്റ് ചെയ്തിരിക്കുന്നെന്നാണ് മിക്ക തട്ടിപ്പുകാരും പറയുക. അറസ്റ്റ് മാത്രമല്ല, വിചാരണയും ഓൺലൈനായി നടത്തും. അന്വേഷണ ഏജൻസികളുടെ യൂണിഫോം ധരിച്ചും തിരിച്ചറിയൽ കാർഡ് കാട്ടിയുമൊക്കെയാവും 'വിചാരണയും അറസ്റ്റും" നടത്തുക.
നിങ്ങളുടെ മേൽവിലാസത്തിൽ എത്തിയ പാഴ്സലിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെന്നായിരിക്കും ഭൂരിഭാഗം തട്ടിപ്പുകാരും പറയുക. അന്വേഷണ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയുള്ള ഫോൺവിളിയാവും ആദ്യം. പിന്നാലെ കസ്റ്റംസ്, സി.ബി.ഐ പോലുള്ള അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർക്ക് ഫോൺ കൈമാറുന്നെന്ന് ധരിപ്പിക്കും. അതോടെ മറ്റൊരാൾ സംഭാഷണം തുടങ്ങും. ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേന, യൂണിഫോമിൽ, വീഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്നയാളാണ് 'വെർച്വൽ അറസ്റ്റ് " ആണെന്ന് തെറ്റിദ്ധരിപ്പിക്കുക. ഇരിക്കുന്ന മുറിവിട്ട് എവിടേയ്ക്കും പോകാൻ പാടില്ലെന്നും ഫോൺകോൾ കട്ട് ചെയ്യരുതെന്നും നിർദ്ദേശിക്കും. ലംഘിച്ചാൽ കേസിൽപ്പെടുമെന്നായിരിക്കും ഭീഷണി.
പരിശോധനയുടെ
ടെക്നിക്ക്
ബാങ്ക് അക്കൗണ്ടുകളിലുള്ള പണം പരിശോധനകൾക്കായി 'സി.ബി.ഐ" നിർദ്ദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് നൽകണമെന്നും കള്ളപ്പണമല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ തിരികെ നൽകുമെന്നും അറിയിക്കും. അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതോടെ പണം പിൻവലിക്കപ്പെടും. തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റപ്പെട്ടാൽ പിന്നീട് ഒരു വിവരവുമുണ്ടാവില്ല. ഒരു തട്ടിപ്പിന് ഉപയോഗിച്ച നമ്പർ ഇവർ ഉപേക്ഷിക്കുകയാണ് പതിവ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകൾ സംസാരിക്കുന്നവരാവും തട്ടിപ്പുകാർ. അക്കൗണ്ട് കാലിയാവുമ്പോഴായിരിക്കും തട്ടിപ്പ് ബോദ്ധ്യപ്പെടുക.
നമ്മുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചുള്ള കുറ്റകൃത്യം കണ്ടെത്തിയെന്നും സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്നും പറഞ്ഞും തട്ടിപ്പ് നടക്കുന്നുണ്ട്. സുപ്രീംകോടതിയുടേതെന്ന പേരിലുള്ള വ്യാജ വെബ്സൈറ്റിൽ വാറണ്ട് പരിശോധിക്കാനും ആവശ്യപ്പെടും. കേസ് ഒഴിവാക്കാൻ 20 ലക്ഷം മുതൽ ഒരുകോടി വരെ തട്ടിയെടുക്കും. തൃശൂരിലെ വ്യവസായിക്ക് 20 ലക്ഷവും, തിരുവനന്തപുരത്തെ ഡോക്ടർക്ക് 40 ലക്ഷവും ഇങ്ങനെ പോയി. കണ്ണൂർ സ്വദേശിനിയിൽനിന്ന് തട്ടിയത് 1.65 കോടിയാണ്. വിദേശത്തുള്ള മക്കൾ അവിടെ അറസ്റ്റിലായെന്ന വ്യാജേനയും തട്ടിപ്പുണ്ട്.
തട്ടിപ്പിന്റെ
സാമ്പിളുകൾ
1) ജെറ്റ്എയർവെയ്സ് ഉടമ നരേഷ് ഗോയലുൾപ്പെട്ട കള്ളപ്പണ കേസിൽ പ്രതിയെന്നറിയിച്ച് മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസിൽ നിന്ന് കേസ് ഒഴിവാക്കാൻ15,01,186 രൂപ തട്ടിയെടുത്തു. ഓൺലൈനിലൂടെ ജുഡിഷ്യൽ വിചാരണയും നടത്തി.
2) സി.ബി.ഐയുടെ 'വെർച്വൽഅറസ്റ്റ്" കാട്ടി സംഗീതസംവിധായകൻ ജെറി അമൽദേവിന്റെ 2.7ലക്ഷം തട്ടാൻ ശ്രമിച്ചു. ഡൽഹിയിലെ ജനതാസേവാ എന്ന അക്കൗണ്ടിലേക്ക് പണം മാറ്രാൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
3) ആലുവ എം.എൽ.എ അൻവർ സാദത്തിന്റെ ഡൽഹിയിൽ പഠിക്കുന്ന മകൾ മയക്കുമരുന്നുമായി അറസ്റ്റിലായെന്ന വ്യാജ സന്ദേശമയച്ച് പണം തട്ടാൻ ശ്രമിച്ചിരുന്നു. മകൾ സുരക്ഷിതയാണെന്ന് ഉറപ്പാക്കി, തട്ടിപ്പുനീക്കം എം.എൽ.എ പൊളിച്ചു.
4) പ്രശസ്തനായ ഡോക്ടറുടെ അക്കൗണ്ടിലേക്ക്, അവയവക്കടത്ത് കേസിലെ പ്രതി കമ്മിഷനായി 138 കോടി അയച്ചെന്നു പറഞ്ഞും തട്ടിപ്പുണ്ടായി. അക്കൗണ്ട് ക്രമവത്കരിക്കാനെന്നു പറഞ്ഞ് വ്യാജ സി.ബി.ഐ ഉദ്യോഗസ്ഥർ അഞ്ചു ലക്ഷം തട്ടിയെടുത്തു.
5) ആധാർ ഉപയോഗിച്ചെടുത്ത സിംകാർഡ് കൊണ്ട് ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തെന്ന് വിശ്വസിപ്പിച്ച് കണ്ണൂരിലെ രണ്ടുപേരിൽ നിന്ന് 3.43 കോടിയാണ് തട്ടിയത്. കൊൽക്കത്തയിലെയും മഹാരാഷ്ട്രയിലെയും അക്കൗണ്ടുകളിലേക്കാണ് പണം പോയത്.
6) ലഹരിമരുന്ന് അടങ്ങിയ പാഴ്സൽ പിടിച്ചെടുത്തെന്ന് കബളിപ്പിച്ച് പാലക്കാട്ടെ രണ്ട് ഡോക്ടർമാർ, ഒരു വ്യവസായി എന്നിവരെ 'വെർച്വൽ അറസ്റ്റിലാക്കി" 40 ലക്ഷമാണ് തട്ടിയത്. നാർകോട്ടിക് സെൽ, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ യൂണിഫോം അണിഞ്ഞായിരുന്നു തട്ടിപ്പ്.
വെർച്വൽ
അറസ്റ്റില്ല
ഇന്ത്യയിൽ പൊലീസോ കേന്ദ്ര അന്വേഷണ ഏജൻസികളോ ഓൺലൈനായി ആരെയും അറസ്റ്റ് ചെയ്യാറില്ല. ഇന്ത്യയിൽ ഇങ്ങനെയാരു നിയമ പ്രക്രിയയില്ല.
സംശയാസ്പദമായ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഏജൻസികൾക്കാവും. പരിശോധനയ്ക്കായി അക്കൗണ്ടിലെ പണം കൈമാറാൻ ഒരു ഏജൻസിയും ആവശ്യപ്പെടില്ല.
അറസ്റ്രിലായെന്ന് കേട്ടമാത്രയിൽ അക്കൗണ്ട് വിവരങ്ങൾ കൈമാറുകയോ പണം അയച്ചുകൊടുക്കുകയോ ചെയ്യരുത്. വിവരം ഉടനടി പൊലീസിൽ അറിയിക്കണം.
ഇത്തരം ഫോൺവിളികളോട് പ്രതികരിക്കാതിരിക്കുക. ഒരു കാരണവശാലും അക്കൗണ്ട് വിവരങ്ങൾ നൽകരുത്. തട്ടിപ്പിനെക്കുറിച്ച് കുടുംബാംഗങ്ങളെയും അറിയിക്കണം.
കമന്റ്
.............
അന്വേഷണ ഏജൻസികൾക്ക് വെർച്വൽ അറസ്റ്റ്, ചോദ്യംചെയ്യൽ എന്നിങ്ങനെ നടപടിക്രമങ്ങളില്ല. ഇതൊന്നും ഇന്ത്യയിലെ നിയമത്തിൽ ഇല്ലാത്തതാണ്. വെർച്വൽ അറസ്റ്റ് എന്നു കേൾക്കുമ്പോഴേ തട്ടിപ്പാണെന്ന് മനസിലാക്കണം. നമ്മുടെ അക്കൗണ്ടിലെ പണം. തട്ടിപ്പുകാർ അവരുടെ സ്വകാര്യ അക്കൗണ്ടിലേക്കാണ് മാറ്റുന്നത്. ഇത്തരം ഫോൺവിളികൾ അവഗണിക്കുന്നതാണ് നല്ലത്. വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുക. സി.ബി.ഐ, ഇ.ഡി, മുംബയ് പൊലീസ് എന്നിങ്ങനെ ഏജൻസികളുടെ പേരുപറഞ്ഞാണ് തട്ടിപ്പുകളിലേറെയും.
-എസ്.ശ്യാംസുന്ദർ
ഐ.ജി, ദക്ഷിണ മേഖല
ഡയൽ 1930
തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 നമ്പറിൽ വിവരമറിയിക്കണം. രണ്ടു മണിക്കൂറിനകമാണെങ്കിൽ പണംതിരിച്ചുപിടിക്കാം. www.cybercrime.gov.in വെബ്സൈറ്റിലും പരാതിപ്പെടാം.