കടയ്ക്കാവൂർ: സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു തീരദേശ ഹൈവേ. 2021ലാണ് തീരദേശ ഹെെവേക്കുള്ള സ്ഥലമെടുപ്പ് നെടുങ്ങണ്ടയിൽ തുടങ്ങിയത്.എന്നാൽ വർഷം മൂന്ന് കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണ്.

മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുകയെന്നാണ് അധികൃതർ അന്ന് പറഞ്ഞിരുന്നത്.വി.ശശി എം.എൽ.എയുടെ ശക്തമായ ഇടപ്പെടലിനെ തുടർന്നാണ് ജില്ലയിൽ അഞ്ചുതെങ്ങ് പഞ്ചായത്തിലെ നെടുങ്ങണ്ടയിൽ നിന്ന് സ്ഥലമെടുപ്പ് ആരംഭിച്ചത്.നിലവിലെ റോഡ് വീതി കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.14 മീറ്ററാണ് റോഡിന്റെ ആകെ വീതി. ഇതിൽ 2.25 മീറ്റർ വീതിക്ക് സൈക്കിൾ വേയുമുണ്ടാകും.രണ്ട് സൈഡിലുമായി 1.50 മീറ്റർ വീതിക്ക് നടപ്പാതയും ഉൾപ്പെട്ടതായിരുന്നു പ്രോജക്ട്.

ഈ തീരദേശ ഹെെവേ വന്നാൽ കൊല്ലം,ആറ്റിങ്ങൽ വഴി തിരുവന്തപുരത്തേക്കുള്ള റോഡിലൂടെയുള്ള ഗതാഗതത്തിരക്കും കുറയും. കായലും മറുവശത്ത് അറേബ്യൻ കടലുമായതിനാൽ യാത്രക്കാർക്ക് പ്രകൃതിരമണീയത ആസ്വദിച്ച് യാത്ര ചെയ്യാം.അടിയന്തരമായി ഈപദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.