
തിരുവനന്തപുരം: വെള്ളയമ്പലത്ത് ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിന് പിന്നാലെയുള്ള പെരുമാറ്റത്തിൽ മാപ്പുപറഞ്ഞ് നടൻ ബൈജു. രാജ്യത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്നും തനിക്ക് കൊമ്പൊന്നും ഇല്ലെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയിൽ ബൈജു പറഞ്ഞു.
അന്ന് വെള്ളയമ്പലം ഭാഗത്തു നിന്ന് മ്യൂസിയത്തേക്ക് 65 കിലോമീറ്റർ സ്പീഡിൽ പോകുകയായിരുന്നു. വെള്ളയമ്പലം ജംഗ്ഷനെത്തിയപ്പോൾ വാഹനത്തിന്റെ മുന്നിലെ ടയർപ്പൊട്ടി നിയന്ത്രണം വിട്ടു. തിരിക്കാൻ നോക്കിയപ്പോഴാണ് സ്‌കൂട്ടറുകാരനെ ഇടിച്ചത്. തിരക്കിയപ്പോൾ അയാൾക്ക് പരിക്കില്ലെന്നും ആശുപത്രിയിൽ പോകേണ്ടെന്നും പരാതിയില്ലെന്നും പൊലീസിനെ അറിയിച്ചു. പൊലീസ് ഒരുവിധത്തിലും എന്നെ സഹായിച്ചിട്ടില്ല.
ഞാൻ മദ്യപിടിച്ച് മദോന്മത്തനായിരുന്നു എന്നുള്ള ആരോപണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലുയരുന്നത്. വസ്തുതകളെ പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുകയാണ് ചിലർ. പൊട്ടിയ ടയർ മാറ്റിയിടാനായി നിൽക്കുമ്പോൾ ആരോ ദൂരെ നിന്ന് വീഡിയോ എടുക്കുന്നത് കണ്ടപ്പോഴാണ് ചൂടായത്. അത് മാദ്ധ്യമപ്രവർത്തകനാണെന്ന് മനസിലായില്ല. എന്നോടൊപ്പം ഏതോ സ്ത്രീ ഉണ്ടായിരുന്നെന്നും ആരോപണങ്ങളുണ്ട്. ഒപ്പമുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകളാണ്. യു.കെയിൽ നിന്നെത്തിയ സുഹൃത്തുമുണ്ടായിരുന്നു. മോശമായ പെരുമാറ്റത്തിന് പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നതായും ബൈജു വീഡിയോയിൽ പറഞ്ഞു.