uni

 നെറ്റ് കിട്ടാത്തവരെയും ഡോക്ടറാക്കാനെന്ന് ആക്ഷേപം

തിരുവനന്തപുരം: പിഎച്ച്.ഡി പ്രവേശനം നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലേ പാടുള്ളൂവെന്ന യു.ജി.സി നിർദ്ദേശം വന്നിട്ടും സർവകലാശാലകൾ സ്വന്തമായി എൻട്രൻസ് നടത്തുന്നു. കേരള, കാലിക്കറ്റ്, എം.ജി, സംസ്കൃതം, കുസാറ്റ്, ഡിജിറ്റൽ വാഴ്സിറ്റികൾ എൻട്രൻസിന് തീരുമാനമെടുത്തു. യു.ജി.സി നിർദ്ദേശം വകവയ്ക്കാത്തത് വേണ്ടപ്പെട്ടവർക്ക് പിൻവാതിൽ പ്രവേശനത്തിനെന്നാണ് ആക്ഷേപം.

നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏത് സർവകലാശാലയിലും പിഎച്ച്.ഡിക്ക് അപേക്ഷിക്കാമെന്നായിരുന്നു മാർച്ചിലെ യു.ജി.സി നിർദ്ദേശം. ഇത് അട്ടിമറിക്കുമ്പോൾ, വിദ്യാർത്ഥികൾക്ക് പല സർവകലാശാലകളിലെ വ്യത്യസ്ത എൻട്രൻസ് പരീക്ഷയെഴുതേണ്ടി വരും. യു.ജി.സി നിർദ്ദേശത്തിൽ അവ്യക്തതയുണ്ടെന്ന് വിലയിരുത്തി,​ വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമാവാതിരിക്കാൻ ഇക്കൊല്ലംകൂടി എൻട്രൻസ് എന്നാണ് കേരള സിൻഡിക്കേറ്റ് വിശദീകരണം.

നെറ്റ് യോഗ്യത നേടൽ കടുകട്ടിയാണ്. അതേസമയം,​ എൻട്രൻസിൽ കടന്നുകൂടിയാൽ അഭിമുഖത്തിലെ വെയ്‌റ്റേജ് മാർക്കിന്റെ പിൻബലത്തിൽ പി.എച്ച്.ഡി പ്രവേശനം നേടാം. വിശദമായി ഉത്തരമെഴുതേണ്ട രീതിയിലുള്ളതാണ് വാഴ്സിറ്റികളുടെ എൻട്രൻസ്. ഇതിലെ സ്കോറിന് 70 ശതമാനവും, അഭിമുഖത്തിന് 30 ശതമാനവുമാണ് മാർക്ക്.

നിലവിൽ രണ്ടുതരത്തിലാണ് പ്രവേശനം. ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ (ജെ.ആർ.എഫ്) നെറ്റ് നേടുന്നവർക്കും നെറ്റ് യോഗ്യത മാത്രം നേടുന്നവർക്കും എൻട്രൻസില്ലാതെ പിഎച്ച്.ഡി പ്രവേശനം കിട്ടും. ഇത് രണ്ടുമില്ലാത്തവർക്ക് എൻട്രൻസ് പരീക്ഷയിലെ സ്കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലും പ്രവേശനം നൽകുന്നു. പകുതിയിലേറെ സീറ്റുകളിൽ ഇത്തരത്തിലാണ് പ്രവേശനം.

കേരളത്തിലെ വാഴ്സിറ്റികളിൽ ഗവേഷണ ബിരുദമില്ലാത്തവരെ അസി.പ്രൊഫസറായി നിയമിക്കില്ല. കേരള വാഴ്സിറ്റിയുടെ എൻട്രൻസ് സ്കോറിന് രണ്ടു വർഷത്തെ സാധുതയുണ്ട്. സംസ്കൃത വാഴ്സിറ്റിയിൽ എൻട്രൻസ് വിജ്ഞാപനം വെബ്സൈറ്റിലിട്ടതല്ലാതെ പത്രക്കുറിപ്പ് പോലുമിറക്കിയില്ല. വിദ്യാർത്ഥികൾ ബഹളംവച്ചപ്പോൾ18വരെ സമയംനീട്ടി. 200പേർ അപേക്ഷിച്ചിട്ടുണ്ട്.

450

കേരള വാഴ്സിറ്റി ഒരു വർഷം നൽകുന്ന പി.എച്ച്.ഡി

3000

കേരളയുടെ പിഎച്ച്.ഡി എൻട്രൻസിന് അപേക്ഷിക്കുന്നവർ

മുന്നിൽ സോഷ്യൽസയൻസ്

കേരളത്തിൽ സോഷ്യൽസയൻസിലാണ് ഗവേഷണമേറെയും. ലാംഗ്വേജ്,കോമേഴ്സ്, മാനേജ്മെന്റ്,ഇക്കണോമിക്സ് എന്നിവയാണ് തൊട്ടു പിന്നിൽ. ശാസ്ത്രവിഷയങ്ങളിൽ കെമിസ്ട്രി, എൻജിനിയറിംഗ്, മെഡിക്കൽ റിസർച്ച് എന്നിവയിലാണ് കൂടുതൽ.