arrest

കരുമം: കാൽനടയാത്രക്കാരായ സ്ത്രീകളെ ഓട്ടോയിടിച്ച് പരിക്കേൽപ്പിച്ചിട്ട് കടന്നുകളഞ്ഞയാൾ പിടിയിൽ.

കരുമം കാലടി സൗത്ത് ഇളംതെങ്ങ് പരപ്പച്ചാൻവിള ഭാഗത്ത് ടി.സി 50/439 കോടൻമുടുമ്പിൽ വീട്ടിൽ ചിപ്പായി എന്ന ശരത്തിനെയാണ് (26) കരമന പൊലീസ് അറസ്റ്റ് ചെയ്തത്.

കരുമം മരുതൂർക്കടവ് അഞ്ജലി ഫ്ലാറ്റിന് മുന്നിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം.കണ്ണാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കരുമം ഇടഗ്രാമം പാലറ വീട്ടിൽ രത്നമ്മ(77),രമാദേവി(70) എന്നിവരെ അമിത വേഗതയിലെത്തിയെ ശരത്തിന്റെ ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

രമാദേവിയെ ഓട്ടോ കുറേ ദൂരം ഇഴച്ച് കൊണ്ടുപോയശേഷം ദൂരേക്ക് തെറിപ്പിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രമാദേവിയുടെ തലയ്ക്ക് ഗുരുതര പരിക്കും നട്ടെല്ലിനും കൈകാലുകൾക്കും പൊട്ടലുമുണ്ട്.തലയിൽ രക്തം കട്ട പിടിച്ചിട്ടുള്ളതിനാൽ നില മെച്ചപ്പെട്ടാൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.നിലവിൽ ഇവർ ഐ.സി.യുവിലാണ്.രത്നമ്മ അപകടനില തരണം ചെയ്തു. ഒളിവിലായിരുന്ന ശരത്തിനെ കരുമത്തെ ഇയാളുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കരമന പൊലീസ് അറസ്റ്ര് ചെയ്തത്.ഇയാളുടെ ഒാട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോർട്ട് പൊലീസ് സ്റ്രേഷനിൽ പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്നും,റൗഡി ഹിറ്റ് ലിസ്റ്റിൽപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു.കരമന എസ്.എച്ച്.ഒ അനൂപ്,എസ്.ഐ വിപിൻ,സി.പി.ഒമാരായ ഹരീഷ്ലാൽ,കിരൺ,കോൺസ്റ്റബിൾ പ്രദീപ് രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.