
സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന്, നിർണ്ണായക ചർച്ചകളിൽ സി.പി.എം
തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്ക് . രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് സി.പി.എമ്മിൽ ധാരണയായിരുന്നു. എന്നാൽ കോൺഗ്രസിലെ പി.സരിൻ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് എതിർപ്പുയർത്തിയതോടെ പാലക്കാട് സീറ്റിൽ സി.പി.എം പുനരാലോചന നടത്തിയേക്കും. ലോക്സഭാ സീറ്റിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള സി.പി.ഐ നേതൃയോഗങ്ങളും ഇന്ന് നടക്കും.
പാലക്കാട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയും അന്തരിച്ച സി.പി.എം നേതാവ് ഇമ്പിച്ചിബാവയുടെ മരുമകളുമായ കെ.ബിനുമോൾക്കാണ് പാലക്കാട് സീറ്റിൽ സി.പി.എം പ്രഥമപരിഗണന നൽകുന്നത്. ഇത് സംബന്ധിച്ച അന്തിമഘട്ട ചർച്ചകൾ സംസ്ഥാന സെക്രട്ടേറിയറ്റിലടക്കം പൂർത്തിയായിരുന്നു. ചേലക്കരയിൽ യു.ആർ പ്രദീപ് സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് സരിൻ കടുത്ത വിമർശനമുയർത്തിയതോടെ അദ്ദേഹത്തിന്റെ മനസറിയാനുള്ള ശ്രമങ്ങൾ സി.പി.എം നടത്തുന്നുണ്ട്.
ഇന്ന് ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവും കൗൺസിലും വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. മുൻ പീരുമേട് എം.എൽ.എ ഇ.എസ് ബിജിമോളെയാണ് പ്രധാനമായും പരിഗണിക്കുന്നത്. മുതിർന്ന നേതാവ് സത്യൻ മോകേരിയുടെ പേരും ചർച്ചകളിലുണ്ട്. രണ്ട് നിയമസഭാ സീറ്റുകളും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ സി.പി.എം നടത്തുമ്പോൾ ,പാർലമെന്റ് സീറ്റിൽ പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് സി.പി.ഐ നീക്കം.