പയ്യന്നൂർ: പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതിയായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ. ബംഗളൂരുവിലെ അവിനാഷ് (22) ആണ് അറസ്റ്റിലായത്. ഈ മാസം എട്ടിന് പുലർച്ചെ മൂന്നോടെയാണ് രക്ഷിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ കാണാതായതെന്നാണ് പയ്യന്നൂർ പൊലീസിൽ ലഭിച്ച പരാതിയിൽ പറയുന്നത്. ബംഗളൂരു സ്വദേശിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയിയിൽ കേസെടുത്ത പൊലീസ് ഈ യുവാവ് തള്ളിക്കൊണ്ടു പോകുന്ന സ്‌കൂട്ടറിന് പിന്നാലെ നടന്നുപോകുന്ന പെൺകുട്ടിയുടെ നിരീക്ഷണ കാമറ ദൃശ്യം കണ്ടെത്തിയിരുന്നു. യുവാവിനെതിരെ കേസെടുത്ത പൊലീസ് തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവാവിനേയും പെൺകുട്ടിയേയും ബംഗളൂരുവിൽ യുവാവിന്റെ സഹോദരന്റെ വീട്ടിൽ നിന്നും കണ്ടെത്തി പയ്യന്നൂരിലെത്തിക്കുകയായിരുന്നു.
പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കാനുള്ള ശ്രമം നിസഹകരണം കാരണം വിഫലമായി. പിന്നീട് പൊലീസ് പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുത്തു. കോടതിയിൽ ഹാജരാക്കിയപ്പോൾ പെൺകുട്ടി മജിസ്‌ട്രേട്ടിന് മുന്നിലും മൊഴി കൊടുത്തു. ഇതോടെയാണ് തട്ടിക്കൊണ്ടു പോയ കേസിനോടൊപ്പം യുവാവ് പോക്‌സോ കേസിലും പ്രതിയായത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി.