x

പൊന്നാനി: വിദ്യാർത്ഥികൾക്ക് കഞ്ചാവെത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ രണ്ട് പേരെ ചമ്രവട്ടം ജംഗ്ഷനിലെ ഒഴിഞ്ഞ ബിൽംഗിലെ രണ്ടാംനിലയിൽ നിന്ന് പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് കഞ്ചാവുപൊതി വിൽക്കാൻ ശ്രമിക്കവേ പൊന്നാനി നരിപറമ്പിൽ വാടകക്ക് താമസിക്കുന്ന മുക്കാടി കുഞ്ഞിമൂസക്കാനകത് ബാത്തിഷ എന്ന പുല്ല് ബാത്തി (46), പൊന്നാനി പള്ളിപ്പടിയിൽ താമസിക്കുന്ന ചെറുവളപ്പിൽ ഷഹീർ (22) എന്നിവരെയാണ് പൊലീസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും പ്ലാസ്റ്റിക് കവറിൽ പൊതികളാക്കിയ അരക്കിലോ കഞ്ചാവ് കണ്ടെത്തി .ഇവരിൽ നിന്നും കഞ്ചാവ് വാങ്ങാൻ എത്തിയ വിദ്യാർത്ഥിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. എസ്‌ഐമാരായ ആർ.യു. അരുൺ, എസ്. രാജേഷ്, എ.എസ്‌.ഐ എലിസബത്ത്, എസ്.സി.പി.ഒമാരായ അനിൽ വിശ്വൻ , സജുകുമാർ, നാസർ, പ്രശാന്ത് കുമാർ സിവിൽ പൊലീസ് ഓഫീസർ ആനന്ദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പിടിയിലായ പ്രതികളിൽ ബാദുഷ നിരവധി തവണ കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. കവചം എന്ന പേരിൽ പൊന്നാനി പൊലിസും പൊന്നാനി കോസ്റ്റൽ പൊലിസും ചേർന്ന് നടത്തിയ ബോധവത്കരണ പരിപാടികളുടെ ഭാഗമായി പൊതുജനങ്ങളുടെ സഹകരണത്തോടെ വരും ദിവസങ്ങളിലും ലഹരി മാഫിയ സംഘത്തിനെതിരെ ശക്തമായ നടപടികൾ തുടരുന്നതാണെന്ന് പൊന്നാനി കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിൽ പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തും അറിയിച്ചു.