
തിരുവനന്തപുരം: സഹകരണ ബാങ്കിംഗ് മേഖലയിലെ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില സ്ഥാപനങ്ങൾ ദുഷ്പേര് സൃഷ്ടിച്ചിട്ടുണ്ട്. സഹകരണ മേഖലയുടെ മൊത്തം അപചയമല്ല അത്. ചെറിയ തോതിലുള്ള അപചയമുണ്ടായാലും ആ മേഖലയുടെ സൽപ്പേരിനെ ബാധിക്കുമെന്നും തെറ്റായ പ്രവർത്തനങ്ങൾ മുളയിലേ നുള്ളി അപകടങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ തിരുവനന്തപുരം ബ്രാഞ്ച് മന്ദിരമായ 'സുരക്ഷ" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയോടുള്ള വിശ്വാസ്യതയുടെ ഭാഗമായാണ് നിക്ഷേപവും ഇടപാടുകളും നടക്കുന്നത്. വിശ്വാസ്യതയ്ക്കു കോട്ടം തട്ടാതിരിക്കാനുള്ള ഇടപെടലുകളുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുളിമൂട് ജംഗ്ഷനു സമീപം വാങ്ങിയ ബഹുനില കെട്ടിടമാണ് ബ്രാഞ്ച് ഓഫിസായി നവീകരിച്ചത്. രണ്ടു നിലകളിലായി പാർക്കിംഗ്, 20 എ.സി സ്യൂട്ട് റൂമുകൾ തുടങ്ങിയവ ഈ കെട്ടിടത്തിലുണ്ട്.
സഹകരണ സംഘം പ്രസിഡന്റ് കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ, ആന്റണി രാജു എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി ഷേയ്ക്ക് ദർവേഷ് സാഹിബ്, കേരള സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി.സജിത് ബാബു, പൊലീസ് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റ് സി.ആർ.ബിജു, കെ.പി.എസ്.ഒ.എ പ്രസിഡന്റ് ഇ.എസ്.ബിജുമോൻ, കെ.പി.ഒ.എ പ്രസിഡന്റ് ആർ.പ്രശാന്ത്, കെ.പി.എ ജനറൽ സെക്രട്ടറി ഇ.വി.പ്രദീപൻ, സഹകരണ സംഘം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ.ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു.