
നിശബ്ദമായി കഥ പറയുന്ന ശില്പങ്ങൾ! ഗേറ്റ് കടന്ന് ഉള്ളിലെത്തിയാൽ മറ്റേതോ ലോകത്തെത്തിയ പ്രതീതി! പരീക്ഷകളുടെ നെഞ്ചിടിപ്പുകളൊന്നും കേൾക്കില്ല. അതെ, ഇവിടെയെല്ലാം 'ഫൈനാണ്'. പാളയം ഫൈൻ ആർട്സ് കോളേജിലെ പിള്ളേർ മറ്റുള്ളവരിൽ നിന്ന് 'ഡിഫറന്റാണെന്ന് പണ്ടുതൊട്ടേ അഭിപ്രായമുണ്ട്. മുടി നീട്ടി വളർത്തിയും പിൻവശത്ത് കെട്ടിവച്ചും വിപ്ലവം കുറിച്ച പൂർവവിദ്യാർത്ഥികളുടെ പാത പിന്തുടരുന്നവരാണ് സ്വതന്ത്രചിന്താഗതിക്കാരായ മുൻഗാമികളും. ആ ട്രെൻഡിലും കാലാനുസൃതമായി മാറ്റങ്ങളുണ്ടായി. രണ്ടാംഭാവത്തിലെത്തിയ ബാഗീ ജീൻസിനെ വരവേൽക്കാൻ വിദ്യാർത്ഥികളൊട്ടും മടിച്ചില്ല. മുടി ഇഷ്ടാനുസരണം കളർ ചെയ്യാൻ ആരെയും ഭയന്നില്ല. ശില്പങ്ങളിലും ചിത്രങ്ങളിലും മാത്രം താത്പര്യമുള്ള അന്തർമുഖരെന്ന മിഥ്യാധാരണ തിരുത്തിക്കുറിക്കുകയാണ് ഫൈൻ ആർട്സിലെ ബഹുമുഖപ്രതിഭകൾ...
ഇന്റലെക്ച്വൽസാണേ...
പുത്തൻ നിഘണ്ടുവുമായി വേണം ഫൈൻ ആർട്സിലെത്താൻ. പുറമേ മാത്രം ലിബറലായി നടിക്കുന്നവരെ പിള്ളേർ സ്യൂഡോ ലിബറൽസെന്ന് വിളിക്കും. അടുത്ത സുഹൃത്തുക്കൾ ഇവർക്ക് ബെസ്റ്റ് ഫ്രണ്ടല്ല, ബെസ്റ്റിയാണ്. എത്ര വലിയ പ്രശ്നങ്ങളും ബെസ്റ്രിയോട് തുറന്ന് പറയാം. ബി.എഫ്.എ, എം.എഫ്.എ വിഭാഗങ്ങളിലായി 250ഓളം വിദ്യാർത്ഥികൾ മാത്രം പഠിക്കുന്നതിനാൽ എല്ലാവർക്കും പരസ്പരമറിയാം. സൗഹൃദങ്ങളുടെ ആഴവും വലുതാണ്. 2000ന് ശേഷം ജനിച്ച '2കെ കിഡ്സ്" അഥവാ 'ജെൻ-ഇസഡുകാരായ" ഇവർ മറ്റുള്ളവരെ ബോധിപ്പിക്കാനായി ഒന്നും ചെയ്യാറില്ല. പക്ഷെ, ചെയ്യുന്നതിൽ അളവറ്ര ആത്മാർത്ഥതയുണ്ടാകും. വസ്ത്രസങ്കല്പത്തിൽ പോപ്പ് കൾച്ചർ കടന്നുവന്നിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.
മത്സരമില്ലാത്ത മത്സരങ്ങൾ...
'18ന് തിരഞ്ഞെടുപ്പാണെന്ന് കേട്ടു. കൊടിയും തോരണങ്ങളുമൊന്നും കണ്ടില്ലല്ലോ.?"അവസാനവർഷ വിദ്യാർത്ഥികളുടെ മറുപടി ഇതായിരുന്നു.
'മറ്റ് കോളേജുകളിൽ നിന്ന് വ്യത്യസ്തമായി ഫൈൻ ആർട്സിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്ല. വിദ്യാർത്ഥികളെല്ലാവരും ചേർന്ന് യോഗ്യരായവരെ തിരഞ്ഞെടുക്കും. അതല്ലാതെ തിരഞ്ഞെടുപ്പ് നടത്തിയാലും പ്രസ്ഥാനങ്ങളുടെ ഇടപെടലുകളില്ല. സ്ഥാനാർത്ഥികൾ അവരുടെ നേട്ടങ്ങളും പ്രവർത്തനമികവും വിദ്യാർത്ഥികളെ അറിയിക്കും." 18ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനത്തേക്കും മത്സരം നടക്കുന്നുണ്ടെങ്കിലും സൗഹാർദ്ദപരമായിരിക്കും. കോളേജ് മുഴുവൻ കലാകാരന്മാരായതിനാൽ പോസ്റ്ററുകളെഴുതാൻ പുറത്തുനിന്ന് ആളെ വിളിക്കണ്ട. തോൽവിയല്ല, ജയമാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്...
സിനിമാപ്രേമികൾ...
ഫൈൻ ആർട്സിൽ പഠിക്കുന്നവരുടെ സ്വപ്നമാണ് സിനിമ. വിദ്യാർത്ഥികളുടെ സിനിമാസങ്കല്പമിന്ന് ലോകസിനിമയിലേക്കും ചേക്കേറി. ഒരുകാലത്ത് പെൺകുട്ടികൾ ഈ രംഗത്ത് കുറവായിരുന്നു. ഇന്ന് ആൺകുട്ടികളും പെൺകുട്ടികളും ഏകദേശം ഒരേ അനുപാതത്തിലാണ്. പെൺകുട്ടികൾക്കായി ക്യാമ്പസിനകത്തൊരു ഹോസ്റ്റൽ വേണമെന്നതാണ് വിദ്യാർത്ഥികളുടെ ഇപ്പോഴത്തെ ആവശ്യം.ചിത്രങ്ങൾക്ക് പകരം മോഡലുകളെ നേരിട്ട് നോക്കി വരയ്ക്കുന്ന പതിവ് ഫൈൻ ആർട്സിൽ ഇപ്പോഴുമുണ്ട്.പുറത്തുനിന്നെത്തുന്ന മോഡലുകളിലധികവും പ്രായമായവരാണ്. ഇവരുടെ ചുക്കും ചുളിവും അത്ര സൂക്ഷ്മതയോടെ നോക്കി വരയ്ക്കാൻ അവസരം ലഭിക്കും.