
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഹാട്രിക്ക് വിജയം നേടുമെന്ന് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ ഷാഫി പറമ്പിൽ നേടിയതിനേക്കാൾ ഭൂരിപക്ഷം കിട്ടും. പ്രവർത്തനങ്ങളിൽ അലസത പാടില്ല. നിരന്തരമായ ജനസമ്പർക്ക പരിപാടി അവിടെയുണ്ടാവണം. പാലക്കാട്ടെ ജനങ്ങെള കുറിച്ച് സാമാന്യം അറിവുള്ള പൊതുപ്രവർത്തകനാണ് താൻ.
മത്സരിക്കാൻ യോഗ്യതയുള്ള ഒട്ടേറെ പേരുണ്ട്. എന്നാൽ ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ കോൺഗ്രസ് പ്രവർത്തകർ അതിനൊപ്പം ഉറച്ചുനിൽക്കും. തുടക്കത്തിൽ ആരെങ്കിലും പരിഭവം പറഞ്ഞാലും പിന്നീട് ഒറ്റക്കെട്ടായി വോട്ടുപിടിക്കാനിറങ്ങും. മണ്ഡലത്തിൽ ബി.ജെ.പിയുടെ വോട്ട് ഇത്തവണ കുത്തനെ കുറയും. വയനാടിനെ പിടിച്ചുയർത്താൻ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സഹായകരമാവും. ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിച്ച് കോൺ്രഗസിന്റെ ഉരുക്കുകോട്ടയാക്കും.
എ.കെ. ആന്റണി പറഞ്ഞ പ്രകാരം മണ്ഡലത്തിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. പി. സരിൻ തന്റെ അടുത്ത സുഹൃത്താണെന്നും പറഞ്ഞു. എം. വിൻസെന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവർക്കൊപ്പം ആന്റണിയുടെ വസതിയിൽ എത്തിയതായിരുന്നു രാഹുൽ.