
2011 മുതൽ ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് സംവിധാനമുണ്ട്. പൊലീസ് ഏർപ്പെടുത്തിയ സംവിധാനമായിരുന്നു അത്. ബുക്ക് ചെയ്യുന്നവർക്ക് നടപ്പന്തൽ വരെ തിരക്കും ബുദ്ധിമുട്ടില്ലാതെ പോകാം. പക്ഷേ അതിന് ശേഷം പൊതു ക്യൂവിൽ നിന്ന് ദർശനം നടത്തണം.
തിരുവനന്തപുരം: മണ്ഡലകാലത്ത് വിവിധ വകുപ്പുകളുടെ ഏകോപനം കുറേക്കൂടി മെച്ചപ്പെടുത്തി തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കിയാൽ തീരാവുന്നതേയുള്ളൂ ശബരിമലയിലെ പ്രശ്നങ്ങൾ. യഥാർത്ഥത്തിൽ പ്രതിദിനം ഒരു ലക്ഷം ഭക്തർ വരെയെത്തിയാലും ദർശനത്തിന് വലിയ തടസങ്ങളൊന്നും ഉണ്ടാവില്ലെന്ന് മുൻകാലങ്ങളിലെ അനുഭവങ്ങൾ തെളിവാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർ പോലും മണിക്കൂറുകൾ നീണ്ട ക്യൂവിൽ നിന്ന് ദർശനം നടത്തിപോകാറുണ്ട്. ഒരിക്കലും പരാതികളുയരാറുണ്ടായിരുന്നില്ല.
2011 മുതൽ ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് സംവിധാനമുണ്ട്. പൊലീസ് ഏർപ്പെടുത്തിയ സംവിധാനമായിരുന്നു അത്. ബുക്ക് ചെയ്യുന്നവർക്ക് നടപ്പന്തൽ വരെ തിരക്കും ബുദ്ധിമുട്ടില്ലാതെ പോകാം. പക്ഷേ അതിന് ശേഷം പൊതു ക്യൂവിൽ നിന്ന് ദർശനം നടത്തണം. കൊവിഡ് കാലത്തും സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ സമയത്തുമാണ് വലിയ നിയന്ത്രണങ്ങൾ വേണ്ടിവന്നത്. ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ കുറച്ചു സമയം ക്യൂ നിൽക്കുന്നതിലും ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നവരല്ല. പ്രധാനമായും ദേവസ്വം ബോർഡ്,പൊലീസ്,റവന്യു,വനം വകുപ്പുകളുടെ കൂട്ടായ്മയിലാണ് മണ്ഡലകാല പ്രവർത്തനങ്ങൾ നടക്കാറുള്ളത്. ഇത് അല്പം കൂടി കാര്യക്ഷമമാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു. വെർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗുമൊന്നും നിർബന്ധമാക്കേണ്ടതില്ല. ക്രൗഡ് മാനേജ്മെന്റിൽ താളപ്പിഴ ഉണ്ടാവാതെ നോക്കുക മാത്രം. നിലയ്ക്കലും ഒരു പരിധിവരെ പമ്പയിലും അയ്യപ്പന്മാർക്ക് തങ്ങാൻ വേണ്ടുവോളം സ്ഥലമുണ്ട്. സന്നിധാനത്തെ തിരക്കിന് അനുസരണമായി അയ്യപ്പന്മാരെ നിയന്ത്രിച്ച് കയറ്റി വിടണമെന്ന് മാത്രം. നിലയ്ക്കലിൽ 6000 ത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. എരുമേലി,ളാഹ തുടങ്ങിയ ഭാഗങ്ങളിലും ആവശ്യത്തിന് പാർക്കിംഗ് സൗകര്യമുണ്ട്. ഇവിടെ ഭക്തർക്ക് വിശ്രമത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ് പ്രധാനമായി വേണ്ടത്. കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യതയും ഉറപ്പാക്കണം.
ഒരു കാലത്തും ശബരിമലയിൽ വലിയ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.പതിനെട്ടാം പടിയിൽ നിന്ന് ഭക്തരെ മുകളിലേക്ക് കയറ്റിവിടുകയെന്നതാണ് പൊലീസിന്റെ ഏറ്റവും ശ്രമകരമായ ജോലി. പുതിയ പൊലീസുകാർക്ക് ഇതിന് അത്ര മിടുക്കുണ്ടാവില്ല. ഇതിന് കൂടുതൽ പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിച്ചാൽ ഓരോ മണിക്കൂറിലും പടികയറുന്ന ഭക്തരുടെ എണ്ണം കൂട്ടാം. ഇപ്പോൾ ദർശനത്തിന് എത്തുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ട്. പുരുഷന്മാരുടെ അത്ര വേഗതയിൽ ഇവർ പടി കയറില്ല. ഇവിടെയാണ് പരിചയ സമ്പന്നരായ പൊലീസുകാരുടെ ആവശ്യം വരുന്നത്.
(ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ് ലേഖകൻ)