തിരുവനന്തപുരം: ഒന്നിച്ച് അഭിനയിച്ചപ്പോൾ തിക്കുറിശ്ശി പറഞ്ഞുതന്ന കഥകൾ ജീവിതത്തിൽ കരുത്തേകാറുണ്ടെന്ന് നടി ഷീല പറഞ്ഞു. തിക്കുറിശ്ശി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തമ്പാനൂർ റെയിൽവേ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തിക്കുറിശ്ശി സുകുമാരൻ നായരുടെ 108-ാം ജന്മദിനാഘോഷവും ഫൗണ്ടേഷന്റെ സിൽവർ ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
.അഷ്ടലക്ഷ്മികൾ ഒപ്പമുണ്ടായിരുന്നപ്പോൾ സുഖലോലുപനായി കഴിഞ്ഞ ഒരു രാജാവിന്റെ കഥ തിക്കുറശ്ശി പറഞ്ഞത് ഷീല ഓർത്തെടുത്തു. ഒരു ദിവസം രാജാവിനെ വിട്ട് എല്ലാ ലക്ഷ്മികളും പോയി. സന്തോഷവും സമ്പത്തും നഷ്ടമായി.ധൈര്യലക്ഷ്മിയോട് മാത്രം പോകരുതെന്ന് രാജാവ് കേണപേക്ഷിച്ചു. ധൈര്യമുണ്ടെങ്കിൽ എന്തും നേടാനാവുമെന്ന് തിക്കുറിശ്ശി പറയുമായിരുന്നു.ഒരു കാര്യം നടക്കുമോ ഇല്ലയോ എന്ന് ആശങ്കപ്പെടരുതെന്നും ഷീല കൂട്ടിച്ചേർത്തു.
ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം അദ്ധ്യക്ഷത വഹിച്ചു.സാഹിത്യമേഖലയിലെ സമഗ്ര സംഭാവയ്ക്കുള്ള ആദരവ് ഷീല സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂറിന് സമർപ്പിച്ചു.
സിൽവർ ജൂബിലി ലോഗോ പ്രദർശനം ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ നിർവഹിച്ചു.സംവിധായകരായ വിജയകൃഷ്ണൻ,ബാലു കിരിയത്ത്,വിപിൻ മോഹൻ,ഗവ. മുൻ സ്പെഷ്യൽ സെക്രട്ടറി കെ.സുദർശനൻ,നാടകകൃത്ത് രാജീവ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ തിക്കുറിശ്ശിയെ അനുസ്മരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി രാജൻ.വി.പൊഴിയൂർ, എ.ആർ.ആരോമൽ,പ്രസിഡന്റ് ബി.മോഹനചന്ദ്രൻ നായർ,രാധാകൃഷ്ണൻ കറുകപ്പിള്ളി,ശശി ഫോക്കസ്,രശ്മി.ആർ.,റഹീം പനവൂർ,ഭാസ്കർ ശ്രീറാം,വാഴമുട്ടം ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു. എഴുത്തുകാരി പവ്യ.ജെ.എസിന്റെ 'റെജീനാ റെനേറ്റ്' എന്ന പുസ്തകം ഷീല,സതേൺ റെയിൽവേ സീനിയർ ഡിവിഷണൽ ഓഫീസർ എം.പി.ലിബിൻ രാജിന് നൽകി പ്രകാശനം ചെയ്തു. സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ഷീല സിൽവർ ജൂബിലി പുരസ്കാരം സമ്മാനിച്ചു.
തിരുവനന്തപുരം: 'കുറച്ച് വർഷം മുൻപ് ശംഖുംമുഖം തീരത്തിലൂടെ നടന്നപ്പോൾ മകളുടെ പ്രായമുള്ള ഒരു സ്ത്രീ ഓടിയെത്തി മോനെ പരീക്കുട്ടി എന്ന് വിളിച്ചു.അവരുടെ മനസിൽ പരീക്കുട്ടി ഇന്നും ചെറുപ്പമാണ്...' ചെമ്മീനിൽ അഭിനയിച്ച ശേഷം തനിക്കുണ്ടായ അനുഭവം മധു പങ്കുവച്ചപ്പോൾ കറുത്തമ്മയായി എത്തിയ ഷീല തലക്കുലുക്കി ചിരിച്ചു. തിക്കുറിശ്ശി ഫൗണ്ടേഷൻ തമ്പാനൂർ റെയിൽവേ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തിക്കുറിശ്ശി ജന്മദിനാഘോഷ
പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം ഷീല പോയത് കണ്ണമ്മൂലയിലുള്ള മധുവിന്റെ വീട്ടിലേക്കായിരുന്നു. ഷീലയെ മധുവും കുടുംബാംഗങ്ങളും മധുരം നൽകി സ്വീകരിച്ചു. ഒരുമിച്ച് അഭിനയിച്ച സിനിമകളുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവച്ചശേഷമാണ് ഷീല പോയത്. ചെമ്മീൻ എന്നും മലയാളികളുടെ മനസിൽ മായാതെ കിടക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു. തിക്കുറിശ്ശി ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം ഒപ്പമുണ്ടായിരുന്നു.