
തിരുവനന്തപുരം: ശബരിമലയിലെ പൊലീസ് ചീഫ് കോ- ഓർഡിനേറ്ററായി പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ശ്രീജിത്തിനെ നിയമിച്ചു. ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കിയ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന് പകരമാണിത്. ഐ.ജിയായിരിക്കെ സുരക്ഷാ മേൽനോട്ട ചുമതല ശ്രീജിത്ത് വഹിച്ചിട്ടുണ്ട്.
അജിത്കുമാർ ശബരിമലയിൽ അമിതാധികാര പ്രയോഗം നടത്തിയെന്നും ആചാരപരമായ കാര്യങ്ങളിൽ പോലും ഇടപെട്ടെന്നും ദേവസ്വം ബോർഡ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എ.ഡി.ജി.പി കൂടിയാലോചനകളില്ലാതെ സ്വന്തം നിലയിൽ തീരുമാനങ്ങളെടുത്ത് ദേവസ്വം ബോർഡിന്റെ അധികാരത്തിൽ കടന്നുകയറിയെന്നായിരുന്നു പരാതി. ഇതുകൂടി പരിഗണിച്ചാണ് അജിത്തിനെ മാറ്റിയത്. ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയുടെയും ക്രമസമാധാനത്തിന്റെയും ഏകോപനചുമതലയാണ് വഹിക്കേണ്ടത്.