
മലയാളത്തിലെ കത്തുന്ന കവിതകളുടെ ഇഷ്ടതോഴനായിരുന്ന എ. അയ്യപ്പൻ യാത്രയായിട്ട് വരുന്ന തിങ്കളാഴ്ച (ഒക്ടോബർ 21)
പതിന്നാലു വർഷമാകുന്നു. 1949 ഒക്ടോബർ 27ന് തിരുവനന്തപുരം ബാലരാമപുരത്തു ജനിച്ച അയ്യപ്പൻ 2010 ഒക്ടോബർ 21ന് തമ്പാനൂരിൽ, തെരുവിൽക്കിടന്ന് ആരോരുമറിയാതെ മരണത്തിലേക്ക് തുഴഞ്ഞുപോവുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും വേർപാടും യാതനകളും ശിഥിലമാക്കിയ ശൈശവവും കൗമാരവും നെഞ്ചിലേറ്റി നടന്നുനീങ്ങിയ ഏകാന്തപഥികൻ.
ആ ഓർമ്മകളെക്കുറിച്ച് കവിയുടെ തന്നെ ഭാഷയിൽ, 'ചെന്നിനായകം കയ്ക്കുന്ന/ ചുണ്ടിലൂടമ്മയോർമ്മയായ്/ സ്വപ്നത്തിൻ മധുരം തന്ന/ രക്തസാക്ഷിയാണെന്റെയച്ഛൻ!" തീ തിന്നു വളർന്ന മനസിന്റെ വ്യാകുലതകൾ ആ സ്മരണകളിൽപ്പോലും കാണാം. ജീവിതം തന്നെയും ലഹരിക്കെറിഞ്ഞുകൊടുത്തിട്ടും നോവിന്റെ തീക്ഷ്ണാക്ഷരങ്ങൾ ആ കവിമനസിൽ വിട്ടൊഴിയാതെ നിന്നു. കണ്ടുമറന്ന തിരമാലകളിലും അന്നു പെയ്ത മഴയിലുമൊക്കെ അയ്യപ്പനെന്ന കവിയുടെ കൈയൊപ്പുകളുണ്ടായിരുന്നു. നോവുകളെല്ലാം പൂവുകളെന്നു പാടിയ നിമിഷത്തെ ഭൂതകാലങ്ങളിൽ തിരഞ്ഞ കവിയുടെ ജീവിതം തന്നെ കണ്ണുപോയ ആട്ടിൻകുട്ടിയെപ്പോലെ ലക്ഷ്യമില്ലാത്തതായിരുന്നു.
സമൂഹം വർണ്ണാഭമായി വരച്ചുകാട്ടിയ പച്ചപ്പുകൾ ഉപേക്ഷിച്ച് തന്റേതായ മരുഭൂമിയിലൂടെ ജീവിക്കാനായിരുന്നു കവിക്കിഷ്ടം. നോവ് പ്രവഹിക്കുന്ന കവിതകളിലൂടെ വാചാലമാകുമ്പോഴും 'ലഹരി എനിക്ക് വിട്ടുതരിക, നിങ്ങളെന്റെ കവിതയെ വിലയിരുത്തിയാൽ മതി"യെന്നു പ്രഖ്യാപിച്ച് തന്റെ ലോകവും പാതയും തന്റെ മാത്രം വിഷയങ്ങളെന്ന് അയ്യപ്പൻ ഊന്നിപ്പറയുകയും ചെയ്തു.
പ്രണയത്തിന്റെ വഴികളിൽ കാലിടറി വീണവർക്കൊക്കെയും കവിയുടെ വാക്കുകൾ ആത്മാവിഷ്കാരത്തിന്റെ നോവേറു പാട്ടുകളായി. നെടുവീർപ്പുപോലെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ആത്മനൊമ്പരമായി കടന്നുവന്നിട്ടുള്ള വരികളാണവ.
വർണ്ണാഭമായ പുറംചട്ടകളില്ലാത്ത ജീവിതാവിഷ്കാരത്തിന്റെ മഹത്കാവ്യം തന്നെയായിരുന്നു ആ കവിതകത്രയും.
കവിത പോലെതന്നെ ജീവിതവും വ്യത്യസ്തമാക്കിയ കവിയായിരുന്നു എ. അയ്യപ്പൻ. സ്വന്തമായൊരു മുറിയില്ലാത്തവൻ കാട്ടിലും കടലോരങ്ങളിലുമിരുന്ന് കവിതകളെഴുതി. അവയൊക്കെയും ശത്രുവിനും സഖാവിനും സമകാലീന ദുഃഖിതർക്കുമായി പങ്കുവച്ചു. നീലാകാശത്തിനുമപ്പുറം കത്തുന്ന തീനാളം കവിയുടെ മനസുതന്നെയായിരുന്നുവോ? കേരള സാഹിത്യ അക്കാഡമി അവാർഡും ആശാൻ പുരസ്കാരവും ലഭിച്ച വെയിൽ തിന്നുന്ന പക്ഷി, കറുപ്പ്, ബുദ്ധനും ആട്ടിൻകുട്ടിയും, ബലിക്കുറിപ്പുകൾ, ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ, മാളമില്ലാത്ത പാമ്പ്, പ്രവാസിയുടെ ഗീതം, മുറിവേറ്റ ശീർഷകങ്ങൾ.... തുടങ്ങി എ. അയ്യപ്പകൃതികളുടെ പട്ടിക നീളുന്നു.
ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത രഹസ്യം പറഞ്ഞുപോയ ആ കവിയുടെ ഹൃദയത്തിന്റെ സ്ഥാനത്തുണ്ടായിരുന്നത് കേവലമൊരു പൂവല്ല; മറിച്ച് ഒരു പൂന്തോട്ടം തന്നെയായിരുന്നു. അയ്യപ്പൻ അരങ്ങൊഴിഞ്ഞിട്ടും വാടാതെയും കൊഴിയാതെയും ആ പൂന്തോട്ടത്തിൽ വിരിഞ്ഞ പൂക്കളിന്നും അനുവാചക ഹൃദയത്തിൽ ആസ്വാദനത്തിന്റെ അലകളുയർത്തുന്നു.
തമ്പാനൂരിലെ തെരുവിൽ അനാഥനെപ്പോലെ മരിച്ചുകിടക്കുമ്പോഴും ആ കൈമടക്കുകൾക്കുള്ളിൽ കവിതയുണ്ടായിരുന്നത്രേ!'വല്ല്" എന്ന അവസാന കവിതയിൽ അയ്യപ്പൻ എഴുതിവച്ചിരുന്നു: 'അമ്പ് ഏതു നിമിഷവും മുതുകിൽ തറയ്ക്കാം, പ്രാണനും കൊണ്ട് ഓടുകയാണ്...."
(എ. അയ്യപ്പൻ സ്മാരക ഫൗണ്ടേഷൻ പ്രസിഡന്റാണ് ലേഖകൻ)