തിരുവനന്തപുരം: ഇ ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബിന്റെ കടമ്പകൾ അനായാസമായി കടന്ന് ഗൗരിനന്ദനയും ധനലക്ഷ്മിയും.സ്കൂൾ വിദ്യാർത്ഥികൾക്ക് ഹിന്ദി അനായാസം കൈകാര്യം ചെയ്യാൻ കൈറ്റിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസം നടപ്പാക്കിയ പദ്ധതിയാണ് ഇ ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ്.പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പൂജപ്പുര ഗവ.യു.പി സ്‌കൂളിലെ രണ്ട് മിടുക്കികൾ രണ്ടാഴ്ച കൊണ്ടാണ് ഹിന്ദി ലാംഗ്വേജ് ലാബിന്റെ പാഠങ്ങൾ പഠിച്ചത്.

ലാംഗ്വേജ് ലാബിലെ മൂന്ന് ലെവലുകളും ആറാം ക്ലാസ് വിദ്യാർത്ഥിനികളായ ഇവർ കടന്നു.ആഴ്ചയിൽ നാലുമണിക്കൂറോളം പഠനത്തിനായി മാറ്റിവച്ചു. മൂന്ന് ലെവലും കടന്നതോടെ സംസാരം,വായന,എഴുത്ത് എന്നിവ അനായാസമായി. ഇതെല്ലാം രസകരമായാണ് പഠിച്ചെടുത്തതെന്ന് ഗൗരി നന്ദനയും ധനലക്ഷ്മിയും പറഞ്ഞു.ലാംഗ്വേജ് ലാബിന്റെ ബോധവത്‌കരണ വീഡിയോയിൽ ഗൗരിനന്ദന അഭിനയിച്ചിട്ടുമുണ്ട്. ഇന്നലെ പദ്ധതിയുടെ ഉദ്ഘാടനവേളയിൽ മന്ത്രി വി.ശിവൻകുട്ടിക്കൊപ്പം ഇരുവരും പങ്കെടുത്തു.