
തിരുവനന്തപുരം : വയനാട് ദുരന്തത്തിൽ മരിച്ചവരുടെ സംസ്‌കാരത്തിന് 19,67,740 രൂപ ചെലവായെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. പ്രതിപക്ഷാംഗം അൻവർ സാദത്തിന്റെ ചോദ്യത്തിനുള്ള മറുപടിയാണിത്. ചെലവുകൾ ഇനം തിരിച്ച് കണക്കാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
231 മൃതദേഹങ്ങളും, 222 ശരീരഭാഗങ്ങളും കണ്ടെത്തി. തിരിച്ചറിഞ്ഞ172 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും സർവ്വമത പ്രാർത്ഥനയോടെയും ഔപചാരിക ബഹുമതികളോടെയും പുത്തുമലയിൽ പൊതു ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
കേന്ദ്ര സഹായം ആവശ്യപ്പെട്ട മെമ്മോറാണ്ടത്തിൽ മൃതദേഹങ്ങൾ മറവ് ചെയ്യാനുള്ള 2.76 കോടിയുടെ എസ്റ്റിമേറ്റ് വിവാദമായിരുന്നു. ഒരു മൃതദേഹത്തിന് 75,000 രൂപ വീതം, 359 മൃതദേഹങ്ങൾക്ക് 2,76,75,000 രൂപയാണ് കാണിച്ചത്.
മൊത്തം 1202 കോടിയാണ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. വോളണ്ടിയേഴ്സിന് ഭക്ഷണവും വെള്ളവും നൽകിയതിന് 10 കോടി, അവരുടെ താമസത്തിന് 15 കോടി, റെയിൻ കോട്ട്, കുട, ടോർച്ച് വാങ്ങാൻ 2.98 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
യഥാർത്ഥ ചെലവും എസ്റ്റിമേറ്റും തമ്മിൽ വലിയ അന്തരമുണ്ടെന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടോ എന്ന മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് ദേശീയ മാനദണ്ഡങ്ങൾ പാലിച്ചാണ് മെമ്മോറാണ്ടം തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു.
മേപ്പാടി പഞ്ചായത്തിലെ ദുരന്ത ആശ്വാസത്തിന് കണക്കാക്കിയ 219.2 കോടി മതിയാകില്ല. അതിനാൽ 2012 മുതലുള്ള രീതിയിലാണ് 2024 ലെ മെമ്മോറാണ്ടം തയ്യാറാക്കിയത്. പരമാവധി സഹായമാണ് അഭ്യർത്ഥിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.