കിളിമാനൂർ: കിളിമാനൂർ എക്സൈസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതിയെ 48 മണിക്കൂറിനു ശേഷം പിടികൂടി. ന​ഗരൂർ, കോയിക്കമൂല, പെരുമാമല കോളനിയിൽ നിന്നും, അടയമൺ, കൊപ്പം, പണ്ടകശാല വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന അഭിലാഷ്(30) നെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച രാവിലെ കിളിമാനൂർ എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവും ചാരായവുമായി വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്. തുടർന്ന് ഇയാളെ സ്റ്റേഷനിലെത്തിച്ച് അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾക്കിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ബാത്ത് റൂമിൽ പോകണമെന്ന് ആവശ്യപ്പെട്ട പ്രതി എക്സൈസ് ​ഗാർഡുകളെ തട്ടിമാറ്റി ഇയാൾ കൈവിലങ്ങോടെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘവും കിളിമാനൂർ പൊലീസും നടത്തിയ തെരച്ചിലിൽ ബുധനാഴ്ച രാവിലെ ന​ഗരൂർ പെരുമാമയിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതി ന​ഗരൂർ കോട്ടയ്ക്കലിന് സമീപമുള്ള തോപ്പിൽ എസ്റ്റേറ്റിലും വാമനാപുരം നദിക്കരയിലും ഒളിച്ചുകഴിഞ്ഞശേഷം രഹസ്യമായി പുലർച്ചെ വീട്ടിലെത്തുകയായിരുന്നു. അഭിലാഷിന് കഞ്ചാവും ചാരായവും എത്തിച്ചതിൽ മറ്റൊരാളുടെ കൂടി പങ്കുണ്ടെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.