
ശംഖുംമുഖം: പൂന്തുറയിൽ കടലാക്രമണം ശക്തമായതോടെ 50 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.ഒരു വീട് പൂർണമായും തകർന്നു.25 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.കൂടുതൽ പേരെ മാറ്റി പാർപ്പിക്കും.
ഇന്നലെ പുലർച്ചേയോടെ ആരംഭിച്ച കടലാക്രമണം രാത്രിയിലും ശക്തമായിരുന്നു.ഇന്ന് തീരത്ത് കടലാക്രമണ മുന്നറിയിപ്പുണ്ട്.കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പലരും വീടുകൾ മാറാൻ തയ്യാറായിരുന്നില്ല. ശാന്തമായി അടിച്ചുകൊണ്ടിരുന്ന തിരമാലകൾ വളരെ പെട്ടെന്നാണ് രൗദ്രഭാവം പൂണ്ട് കടൽ ഭിത്തികളെയും തകർത്തെറിഞ്ഞ് തീരത്ത് നാശം വിതച്ചത്.പുലർച്ചെയായതിനാൽ പലർക്കും വീടുകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ കഴിഞ്ഞു.പൂന്തുറ ചേരിയാമുട്ടം മുതൽ ബീമാപള്ളി വരെയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം ശക്തമായത്.പുന്തുറ ചേരിയാമുട്ടം സ്വദേശി ജോസഫിന്റെ വീടാണ് പൂർണമായും തകർന്നത്.
വീടുകളിൽ വെള്ളം കയറിയവരെ മുട്ടത്തറയിലെ റവന്യൂ വകുപ്പിന്റെ ഷെൽട്ടറിലേക്ക് മാറ്റി.സ്ഥലം സന്ദർശിച്ച് കൂടുതൽ കണക്കുകൾ എടുത്താൽ മാത്രമേ നാശനഷ്ടങ്ങളുടെ കണക്കുകൾ വ്യക്തമാക്കാൻ കഴിയൂവെന്ന് മുട്ടത്തറ വില്ലേജ് ഓഫീസർ പറഞ്ഞു.