കാട്ടാക്കട: ലോട്ടറി കടയിൽ നിന്നും പണം കവർന്നു. സി.സി.ടിവി ഉൾപ്പെടെ നൽകിയിട്ടും അന്വേഷണത്തിന് ആരും എത്തിയില്ലെന്ന് പരാതി.കാട്ടാക്കട മുളയംകോട് ഗീതു ഭവനിൽ ശോഭന(63)ന്റെ ഉടമസ്ഥതയിൽ ചൂണ്ടുപലകയിൽ പ്രവർത്തിക്കുന്ന ജി.എ ലക്കി സെന്ററിൽ ഇക്കഴിഞ്ഞ 14ന് ഉച്ചക്ക് 3ഓടെയാണ് മോഷണം നടന്നത്. ഉച്ചക്ക് കാട്ടാക്കട ജംഗ്ഷനിൽ മൊത്തവ്യാപാര കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയ സമയമാണ് മോഷണം നടന്നത്. മടങ്ങിയെത്തിയ ശോഭനൻ പണം സൂക്ഷിക്കുന്ന മേശ തുറന്നുകിടക്കുന്നതായും 2000ത്തിലധികം രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തി. ഇവിടെ ഉണ്ടായിരുന്ന മൊബൈൽ നഷ്ടപ്പെട്ടിട്ടില്ല. പരിശോധനയിൽ ശോഭനന്റെ കടയുടെ മുന്നിലൂടെ നീല ഷർട്ടും വെള്ള മുണ്ടും ധരിച്ച് ഒരാൾ നടന്നു പോകുകയും പെട്ടെന്ന് തിരിഞ്ഞ് കടയിലേക്ക് കയറുകയും പത്തു മിനിറ്റോളം കഴിഞ്ഞ് ഇറങ്ങി പോകുന്നതും സമീപ സ്ഥാപനത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.ഈ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്.