തിരുവനന്തപുരം:കസേരയിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ ഇടയ്ക്ക് മുകളിലോട്ട് നോക്കണം.ഇതാണ് തലസ്ഥാന നഗരത്തിലെ തന്നെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നായ കന്റോൺമെന്റ് പൊലീസ് സ്റ്റേഷന്റെ അവസ്ഥ. കാരണം മറ്റൊന്നുമല്ല.മേൽക്കൂരയിലെ കോൺക്രീറ്റ് ഭാഗങ്ങൾ എപ്പോൾ വേണമെങ്കിലും ഇളകി വീഴാം.കാലപ്പഴക്കം ചെന്ന കെട്ടിടം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്.സെക്രട്ടേറിയറ്റിന്റെ കന്റോൺമെന്റ് ഗേറ്റിന് തൊട്ടുമുൻപിലാണ് ഈ പൊലീസ് സ്റ്റേഷൻ.ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.മുകളിൽ കൺട്രോൾ റൂം ഓഫീസ്,അസിസ്റ്റന്റ് കമ്മീഷണർ ഓഫീസ് എന്നിവയാണ്.മുകളിലത്തെ കെട്ടിടത്തിന്റെ അവസ്ഥയും സമാനമാണ്.കൺട്രോൾ റൂമുള്ളതുകൊണ്ട് ഇവിടെ ഇടയ്ക്ക് മാത്രം ചെറിയ മിനുക്കുപണികൾ ചെയ്യാറുണ്ട്.1980ലാണ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത്.44 വർഷത്തെ പഴക്കമാണ് കെട്ടിത്തിനുള്ളത്.ഇതുവരെ ഒരുവിധത്തിലുള്ള അറ്റകുറ്റപ്പണികളും കെട്ടിടത്തിൽ നടത്തിയിട്ടില്ല.
ഇളകിവീഴുന്ന കോൺക്രീറ്റുകൾ
സ്റ്റേഷന്റെ എല്ലാ ഭാഗത്തു നിന്നും കോൺക്രീറ്റ് പാളികൾ അടർന്ന് വീണു കൊണ്ടിരിക്കുകയാണ്.സ്റ്റേഷൻ ഹൗസ് ഓഫീസറിന്റെ(എസ്.എച്ച്.ഒ) മുറിയുടെ മുകളിലുള്ള പാളികളും ഇടയ്ക്കിടയ്ക്ക് ഇളകി വീഴുന്നുണ്ട്.ഇതുകൂടാതെ മുൻഭാഗത്തെ സൺഷെയ്ഡിന്റെ ഭാഗവും അടുത്തിടെ ഇളകി വീണിരുന്നു. ഭാഗ്യം കൊണ്ടാണ് പൊലീസുകാർ രക്ഷപ്പെടുന്നത്.ഇതുകൂടാതെ ഭിത്തികളിലും വിള്ളൽ വീണു തുടങ്ങിയിട്ടുണ്ട്.
വെള്ളത്തിനും മുട്ട്
കെട്ടിട പേടിക്ക് പുറമേ വെള്ളത്തിനും ഇവിടെ ബുദ്ധിമുട്ടാണ്. 83 പൊലീസുകാരാണ് ഇവിടെയുള്ളത്.ഇതിൽ നാല് വനിത പൊലീസുകാരുണ്ട്.നേരിട്ടുള്ള വെള്ളത്തിന്റെ പൈപ്പ് ലൈൻ കണക്ഷൻ ഇല്ലാത്തതാണ് കാരണം. ദിവസേന ചെറിയൊരു ടാങ്ക് വെള്ളത്തിലാണ് ഈ സ്റ്റേഷൻ ഓടുന്നത്.സ്റ്റേഷനിലുള്ളവർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും വെള്ളം തികയില്ല.പുരുഷ പൊലീസുകാർ വെള്ളമില്ലാത്തത് കാരണം മറ്റ് സ്ഥലങ്ങളിലാണ് ആശ്രയം തേടുന്നത് .കുടിവെള്ളം പോലും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
ഇടമില്ല, വാഹനങ്ങൾ റോഡിൽ
ഏറ്റവും തിരക്കുള്ള സ്റ്റാച്യു കന്റോൺമെന്റ് റോഡിന്റെ വശത്താണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.30 സെന്റിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷനിൽ പിടിച്ചെടുത്ത വാഹനങ്ങളിടാൻ സ്ഥലമില്ല.പലതും റോഡിലാണ് കിടക്കുന്നത്.
കാലപ്പഴക്കം ചെന്ന വാഹനങ്ങൾ
സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന അതീവ സുരക്ഷ കേന്ദ്രങ്ങളുടെ സ്റ്റേഷൻ പരിധിയിൽ പട്രോളിംഗിന് ആവശ്യത്തിന് വാഹനങ്ങളില്ല.കാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് സ്റ്റേഷനിലുള്ളത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ദിവസേന കാണുന്ന സ്റ്റേഷൻ
സെക്രട്ടേറിയറ്റിലേക്ക് പോകുമ്പോഴും വരുമ്പോഴും മുഖ്യമന്ത്രി,മന്ത്രിമാർ,ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരെല്ലാം സ്റ്റേഷന് മുന്നിലൂടെയാണ് പോകുന്നത്. മുൻവശം പൊളിഞ്ഞിരിക്കുന്നത് വ്യക്തമായി കാണാമെന്നിരിക്കെ ഇതിന്റെ നവീകരണത്തെക്കുറിച്ച് ആർക്കും മിണ്ടാട്ടമില്ല.