general

ബാലരാമപുരം: ജിയോളജി പാസ് വാങ്ങി അനുമതിയോടെ സ്വകാര്യഭൂമിയിൽ നിന്ന് പാറ പൊട്ടിക്കാൻ കരാറിലേർപ്പെട്ടയാളെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ മൂന്നുപേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു.എരുത്താവൂർ ചെറുമല സ്വദേശികളായ ശ്യാം(29)​,​ശരൺ(28)​,​തെക്കേ മലഞ്ചരിവ് വിലാസത്തിൽ ശ്രീകുമാർ (50)​ എന്നിവരാണ് അറസ്റ്റിലായത്.ശ്യാമും ശരണും സഹോദരങ്ങളാണ്.

കരാറുകാരൻ ബേബിയുടെ പരാതിയിൽ മൂന്ന് സഹോദരങ്ങളുൾപ്പെടെ ആറംഗസംഘമാണ് ഭീഷണിയുമായി എത്തിയതെന്ന് പൊലീസ് പറഞ്ഞു.എരുത്താവൂർ ചെറുമല സ്വദേശിയായ രവീന്ദ്രനാഥാണ് പാറപൊട്ടിക്കാൻ ജിയോളജി വകുപ്പിൽ നിന്ന് അനുമതി വാങ്ങിയത്.തുടർന്ന് ഇദ്ദേഹം മുക്കോല സ്വദേശി ബേബിക്ക് പാറപൊട്ടിക്കാൻ സബ് കോൺട്രാക്ട് കൈമാറുകയായിരുന്നു.സ്ത്രീകളും കുട്ടികളും നാട്ടുകാരെയും കൂട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയായിരുന്നു അക്രമിസംഘം ഗൂഗിൽ പേ വഴി പണം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.ബാലരാമപുരം എസ്.എച്ച്.ഒ ശ്യാം,എസ്.ജ്യോതി സുധാകർ,​എ.എസ്.ഐ സന്തോഷ്,​എസ്.സി.പി.ഒമാരായ അലക്സ്,​ സുധീഷ്,​പ്രവീൺ ദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.