general

ബാലരാമപുരം: വർഷങ്ങളായി കേസിൽപ്പെട്ട മണ്ണാംചിറയിലെ 83 സെന്റ് ഭൂമി ഒടുവിൽ കോടതിവിധിയിലൂടെ ബാലരാമപുരം പഞ്ചായത്തിന് സ്വന്തം. 15 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പുറമ്പോക്കായി തഴയപ്പെട്ട ഭൂമി കോടതി വിധിയിലൂടെ പഞ്ചായത്തിന്റെ കൈപ്പിടിയിലായത്. മണ്ണാംചിറയിലെ ഭൂമി പഞ്ചായത്തിന് സ്വന്തമായതോടെ മിനി സിവിൽസ്റ്റേഷന് അടിയന്തര പ്രോജക്ട് കൈമാറുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. മാറിമാറി വന്ന ഇടതുമുന്നണിയുടെ ഭരണനേട്ടമാണ് അനുകൂല കോടതിവിധിയെന്നും സി.പി.എം പാർട്ടിനേതൃത്വം പ്രതികരിച്ചു. സ്വകാര്യ വ്യക്തികൾ കൈയേറിയതുൾപ്പെടെയുള്ള പഞ്ചായത്തിന്റെ ഭൂമികളാണ് ഇത്തരത്തിൽ തിരിച്ചുപിടിച്ചത്. പുറമ്പോക്കായി തഴയപ്പെട്ട തേമ്പാമുട്ടത്തെ 5 സെന്റ്,​ മംഗലത്തുകോണത്തെ 11 സെന്റ്,​ പാതിരിയോട് 6 സെന്റ്,​ മിഢാനൂർക്കോണത്ത് നാലര സെന്റ് എന്നീ ഭൂമികൾ മാസങ്ങൾക്കു മുമ്പ് കോടതി വിധിയിലൂടെ തിരിച്ചുപിടിച്ചിരുന്നു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ പഞ്ചായത്തിന്റെതായ പല വികസന പ്രവർത്തനങ്ങളും പെരുവഴിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂമി തിരിച്ചുപിടിച്ചിരിക്കുന്നത്.

 സ്വപ്നം മാത്രമായ പദ്ധതികൾ

ബാലരാമപുരം പൊലീസ് സ്റ്റേഷൻ,​ സബ് രജിസ്ട്രാർ ഓഫീസ്,​ ഉപജില്ലാവിദ്യാഭ്യാസ ഓഫീസ് തുടങ്ങി മിക്ക സർക്കാർ കാര്യാലയങ്ങളും ബാലരാമപുരം പഞ്ചായത്തിന് കീഴിൽ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിൽ കിഫ്ബി വഴി വമ്പൻ വികസനമാണ് സർക്കാർ നടപ്പാക്കുന്നത്. ബാലരാമപുരത്ത് മിനി സ്റ്റേഷൻ കാര്യാലയത്തിന് നേരത്തെ സർക്കാരിൽ പ്രോജക്ട് നൽകാൻ ആലോചന നടന്നിരുന്നു. എന്നാൽ ഒന്നേകാൽ ഏക്കറോളം പഞ്ചായത്ത് ഭൂമി നിയമപോരാട്ടം നേരിടേണ്ടി വന്നതിനാൽ മിനി സിവിൽ സ്റ്റേഷൻ സ്വപ്നപദ്ധതിയായി അവശേഷിച്ചു.

 മിനി സിവിൽസ്റ്റേഷനെന്ന സ്വപ്നം

തദ്ദേശസ്വയംഭരണവകുപ്പിന്റെ പഠനാനുമതിയോടെ സർക്കാരിൽ പ്രോജക്ട് കൈമാറാൻ നിരവധി തവണ ശ്രമം നടന്നെങ്കിലും വേണ്ടത്ര ഭൂമി ലഭ്യമാക്കാത്തതിനാൽ അവയെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ മണ്ണാംചിറയിലെ ഭൂമി തിരിച്ചുകിട്ടിയതോടെ ബാലരാമപുരത്ത് മിനിസിവിൽ സ്റ്റേഷൻ എന്ന സ്വപ്നത്തിന് വീണ്ടും ചിറകുവച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങൾക്ക് ആശ്രയമായ സർക്കാർ സംവിധാനങ്ങൾ ഒരു കുടക്കീഴിലേക്ക് മാറും. സർക്കാർ കാര്യാലയങ്ങൾ തേടി കിലോമീറ്റർ താണ്ടിയുള്ള പൊതുജനങ്ങളുടെ യാത്രയ്ക്കും അറുതിയാകും.