
കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ അക്ഷയ സെന്ററിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളേറെ. ജനസാന്ദ്രത കൂടിയ മാമ്പളളി, കായിക്കര, ഒന്നാംപാലം, അഞ്ചുതെങ്ങ് ജംഗ്ഷൻ എന്നിവിടങ്ങളിലുള്ളവർ ആശ്രയിച്ചിരുന്ന അക്ഷയസെന്ററാണിത്. പ്രദേശവാസികളിപ്പോൾ ബസിലും മറ്റും യാത്ര ചെയ്ത് മറ്റ്പ്രദേശങ്ങളിലെ അക്ഷയസെന്ററുകളെ ആശ്രയിക്കുകയാണ്. മറ്റ് സെന്ററുകളിൽ തിരക്കനുഭവപ്പെടുന്നത് മത്സ്യത്തൊഴിലാളികളെയും വയോധികരെയും ഒരുപോലെ വിഷമത്തിലാക്കുന്നു. പെൻഷൻ മസ്റ്ററിംഗ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി, വിദ്യാർത്ഥികളുടെ ഓൺലെെൺ അഡ്മിഷൻ, ആധാർ സംബന്ധിച്ചുള്ളവ, പാസ്പോർട്ട് ആവശ്യങ്ങൾ എന്നിവയ്ക്കെല്ലാം അക്ഷയസെന്ററുകളെ തന്നെ ആശ്രയിക്കണം. ഇപ്പോൾ ഗവൺമെന്റിനും ഗവൺമെന്റേതര സേവനങ്ങൾക്കും ജനങ്ങളേറെ ആശ്രയിക്കുന്ന സ്ഥാപനമാണ് അക്ഷയസെന്ററുകൾ. പൊതുജന താത്പര്യാർത്ഥം അക്ഷയസെന്ററിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് അഞ്ചുതെങ്ങ് സംരക്ഷണസമിതി ആവശ്യപ്പെട്ടു.