
ഷാങ്ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്.സി.ഒ) ഉച്ചകോടിയിൽ ഇക്കുറി ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണെന്ന് അറിഞ്ഞതോടെ ലോകരാജ്യങ്ങൾ ഉറ്റുനോക്കിയത് ഇന്ത്യയുടെ സന്ദർശനമാണ്. വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. എന്നാൽ, ഇന്ത്യയുടെ ബദ്ധവൈരിയായ പാകിസ്ഥാനുമായുള്ള ബന്ധത്തെ കൂടിക്കാഴ്ച ഒരുതരത്തിലും സ്വാധീനിക്കുമെന്ന് തോന്നുന്നില്ല. പ്രതീകാത്മകമായ ഒന്നായി മാത്രമേ കൂടിക്കാഴ്ചയെ നോക്കിക്കാണാനാവു. എസ്.സി.ഒ എന്ന സംഘടന ഇന്ത്യയെ സംബന്ധിച്ചിടത്തോളം കുറച്ച് സങ്കീർണമാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന സെൻട്രൽ ഏഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണത്തിനാണ് ഇന്ത്യ അതിൽ ഭാഗമായത്. നിലവിൽ ചൈനയും റഷ്യയുമാണ് എസ്.സി.ഒയിൽ ആധിപത്യമുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം ഇന്ത്യ എസ്.സി.ഒ ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിച്ചെങ്കിലും സംഘടനയ്ക്ക് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നില്ല. ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനായതിനാൽ അതിൽ പങ്കെടുക്കുന്നില്ലെന്ന് നരേന്ദ്രമോദി അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുണ്ടായ സമ്മർദ്ദം കാരണമാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ജയശങ്കറിനെ അയയ്ക്കാൻ തീരുമാനിച്ചത്. ലഹരി പ്രതിരോധം, വാണിജ്യം തുടങ്ങിയ വിഷയങ്ങളിൽ മാത്രമാണ് ഇന്ത്യക്ക് താത്പര്യമുള്ളത്. രാഷ്ട്രീയപരമായും മറ്റ് എസ്.സി.ഒ രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും ഇന്ത്യയെ ഈ സന്ദർശനം ബാധിക്കില്ല.
അടുത്തകാലത്ത് പാകിസ്ഥാനുമായ ബന്ധം വഷളായിട്ടേ ഉള്ളു. പാകിസ്ഥാനെ ഇന്ത്യ സന്ദർശിച്ചു എന്നല്ല. ഇന്ത്യയുമായി നല്ല ബന്ധമുള്ള മറ്റ് രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു ചടങ്ങിൽ ഇന്ത്യ പ്രാതിനിധ്യം വഹിച്ചുവെന്നാണ് കൂടിക്കാഴ്ചയിൽ നിന്ന് വായിച്ചെടുക്കേണ്ടത്. പാകിസ്ഥാനിലേയ്ക്ക് പോകുന്നതിന് മുൻപ് ജയശങ്കറും ഇതേ കാര്യം വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ജയശങ്കറിന് സംസാരിക്കേണ്ടി വന്നിട്ടുണ്ടാവും. എന്നാൽ ഉഭയകക്ഷിചർച്ചകൾക്ക് സാദ്ധ്യതയില്ല. പാകിസ്ഥാനും ഇക്കാര്യത്തിൽ മുൻകൈയെടുക്കില്ല. പാകിസ്ഥാൻ ഭീകരത അവസാനിപ്പിക്കുന്നത് വരെ യാതൊരു ബന്ധവുമില്ലെന്നതാണ് കാലങ്ങളായി ഇന്ത്യയുടെ നയം. മൻമോഹൻ സിംഗിന്റെ കാലത്ത് ചില ഇളവുകൾ വന്നിട്ടുണ്ടെങ്കിലും നരേന്ദ്രമോദി നിലപാടിൽ വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. എൽ.ഒ.സിയിൽ വെടിനിറുത്തൽ ഉടമ്പടി പാകിസ്ഥാൻ ലംഘിച്ചപ്പോൾ അനൗദ്യോഗികമായി നമ്മൾ സംസാരിച്ചതായി വാർത്തകൾ വന്നിരുന്നു. അതിനുശേഷം ഉഭയകക്ഷിചർച്ചകൾ ഉണ്ടായിട്ടില്ല. ഇക്കുറി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ജയശങ്കർ ഏറ്റവും രൂക്ഷമായി പാകിസ്ഥാനെ വിമർശിച്ചിരുന്നു. പാകിസ്ഥാന്റെ ഭീകരതയാണ് ലോകത്തിന്റെ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇസ്ലാമാബാദിലെ പ്രസംഗത്തിലും അദ്ദേഹം പാകിസ്ഥാനെ വിമർശിച്ചു. ഇക്കാരണത്താൽ ഇന്ത്യ പാകിസ്ഥാനുമായി സന്ധിക്കൊരുങ്ങുമെന്ന് കരുതാനാവില്ല.