
പാലോട്: പാലോട്ടെ വൈദ്യുതി സബ് സ്റ്റേഷന്റെ ശേഷി 110 കെ.വി. ആയി ഉയര്‍ത്തുന്നതോടെ പ്രദേശത്തെ പത്തോളം പഞ്ചായത്തുകളിലെ വൈദ്യുത പ്രശ്നത്തിന് പരിഹാരമാകുന്നു. സബ്സ്റ്റേഷൻ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ന് വൈകിട്ട് 4 ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം കഴിയുന്നതോടെ അപ്രതീക്ഷിത വൈദ്യുത തടസത്തിനും വോള്‍ട്ടേജ് ക്ഷാമത്തിനും അറുതിവരും. പാലോട് പാണ്ഡ്യന്‍പാറയിലുള്ള 66കെ.വി. സബ്‌സ്റ്റേഷനാണ് 110- കെ.വി. ആയി ഉയര്‍ത്തിയത്. 110- കെവി ശേഷിയുള്ള പുതിയ രണ്ട് ഫീഡറുകളും 12.5- എം.വി.എ.ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചു. പദ്ധതി നടപ്പിലാക്കുന്നത് വഴി നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, കല്ലറ, തൊളിക്കോട്, വിതുര, പനവൂര്‍, ആനാട്, ചിതറ, കടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലെ ഏകദേശം 42000ത്തോളം ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട വേള്‍ട്ടേജിലുള്ള വൈദ്യുതി ലഭ്യമാക്കാൻ സാധിക്കും.വൃന്ദാവനം കൺവൻഷൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ഡി.കെ. മുരളി എം.എല്‍.എ അദ്ധ്യക്ഷനാകും. അടൂര്‍ പ്രകാശ് എം.പി. മുഖ്യപ്രഭാഷണം നടത്തും.
 പരിഹാരം ഉടൻ
വൈദ്യുതവകുപ്പിന്റെ ഏറ്റവും പഴക്കമേറിയ സബ്‌സ്റ്റേഷനുകളിലൊന്നാണ് പാലോട് 66-കെവി സബ്‌സ്റ്റേഷന്‍. 1980-ലാണ് പാലോട് സബ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ ആറ്റിങ്ങല്‍ സബ് സ്റ്റേഷനില്‍നിന്ന് 19.4 കിലോമീറ്റര്‍ സിംഗിള്‍ സര്‍ക്യൂട്ട് ലൈനിലൂടെയാണ് വൈദ്യുതി പാലോട് സബ് സ്റ്റേഷനില്‍ എത്തിക്കുന്നത്. മീന്‍മുട്ടിയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും പ്രയോജനപ്പെടുത്തുന്നുണ്ട്. വനമേഖലകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനുകളാണ് പാലോട്ടെ വൈദ്യുത വിതരണത്തിന് പലപ്പോഴും തടസ്സമാകുന്നത്. എന്നാല്‍, പുതിയ സംവിധാനങ്ങള്‍ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.