
നഗരം എത്രത്തോളം വെടിപ്പായും ആകർഷകമായും സൂക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ആ നഗരത്തിന്റെ സാംസ്കാരിക ഉന്നതി വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ നോക്കുമ്പോൾ സംസ്ഥാനത്തെ ഒരു നഗരത്തിനോ പട്ടണത്തിനോ സമ്പന്നമായ ഒരു സാംസ്കാരിക തിളക്കം അവകാശപ്പെടാനാവുമെന്നു തോന്നുന്നില്ല. കാരണം അത്രയധികം വികൃതവും അറപ്പുളവാക്കുന്നതുമാണ് സംസ്ഥാനത്തെ ഓരോ നഗരവും. മാലിന്യങ്ങൾ കൂട്ടിയിട്ട പൊതു ഇടങ്ങൾ. റോഡുകളിളെല്ലാം കൊടിതോരണങ്ങളും ഫ്ളക്സ് ബോർഡുകളും. പൊതുവഴികളിൽ കാഴ്ച മറച്ച് സ്ഥാപിച്ചിട്ടുള്ള കൂറ്റൻ കട്ടൗട്ടുകളും പരസ്യബോർഡുകളും. സർക്കാർ ഓഫീസുകൾക്കു പോലും ഇതിൽ നിന്നു മുക്തിയില്ല. സർവീസ് സംഘടനകളുടെ അനേകം ബോർഡുകളും പരസ്യപ്പലകകളുംകൊണ്ട് അവിടമാകെ നിറഞ്ഞിരിക്കും. ഇതൊക്കെക്കണ്ട് സഹികെട്ടാണ്, അനധികൃത കൊടിമരങ്ങളും പരസ്യ ബോർഡുകളും നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഹൈക്കോടതി പലകുറി നിർദ്ദേശം നൽകിയത്. എന്നാൽ, ആ നിർദ്ദേശം വരുന്ന മുറയ്ക്ക് അവിടെയും ഇവിടെയും നിന്ന് അവയിൽ കുറെയൊക്കെ നീക്കം ചെയ്യാൻ അധികൃതർ നടപടിയെടുത്തേക്കും. ദിവസങ്ങൾക്കകം എല്ലാം പഴയ പടിയാകും.
നഗരങ്ങളെ മലീമസമാക്കുന്ന ഈ ദുഷ്‌പ്രവണതയ്ക്കെതിരെ കഴിഞ്ഞ ദിവസവും ഹൈക്കോടതി വടിയെടുക്കുകയുണ്ടായി. കൊടിമരങ്ങളും ബോർഡുകളും റോഡുകളിൽ നിന്ന് നീക്കം ചെയ്യുന്നതിൽ അധികൃതർ സമ്പൂർണ പരാജയമാണെന്നാണ് കോടതി നിരീക്ഷിച്ചത്. തദ്ദേശസ്ഥാപനങ്ങൾ ഭരിക്കുന്നവർക്ക് രാഷ്ട്രീയക്കാരെയും യൂണിയനുകളെയും ഭയമുള്ളതുകൊണ്ടാണ് ഈ വിഷയത്തിൽ നടപടിയെടുക്കാത്തതെന്ന കോടതി നിരീക്ഷണം നൂറു ശതമാനവും ശരിയാണ്. നഗര റോഡുകൾ പരസ്യ ബോർഡുകളാലും കൊടിതോരണങ്ങളാലും എത്രമാത്രം വൃത്തിഹീനമാണെന്ന് ഏവർക്കുമറിയാം. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാത്രമല്ല, അസംഖ്യം സംഘടനകളും ആഘോഷ കമ്മിറ്റിക്കാരും വരെ പ്രാദേശിക ചടങ്ങുകൾ പോലും നാട്ടുകാരെ അറിയിക്കാൻ പരസ്യപ്പലകകൾ സ്ഥാപിക്കാറുണ്ട്. സർക്കാർ വകുപ്പുകളും ഇക്കാര്യത്തിൽ പിന്നിലല്ല. പ്രധാന നഗരങ്ങളിലെ പരസ്യബോർഡ് പ്രളയം കണ്ടുപിടിച്ച് കോടതിക്ക് റിപ്പോർട്ടു സമർപ്പിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അമിക്കസ് ക്യൂറി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ വ്യാപകമായ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലും അനധികൃത ബോർഡുകളും കമാനങ്ങളും എല്ലാ അതിരുകളും ഭേദിച്ച് നഗരം വികൃതമാക്കുകയാണ്. അനധികൃത ബോർഡുകൾ സ്ഥാപിച്ചാൽ പിഴ ഈടാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ പക്കൽ നിയമങ്ങളുണ്ട്. വല്ലപ്പോഴുമൊക്കെ അവ പ്രയോഗിക്കാറുണ്ടെങ്കിലും ഭൂരിപക്ഷം കേസുകളിലും കണ്ണടയ്ക്കുകയാണ് പതിവ്. വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കും വിധം നഗരങ്ങളിലെ മിക്കവാറും എല്ലാ വീഥികളിലും കൂറ്റൻ പരസ്യ ബോർഡുകൾ സ്ഥിരം കാഴ്ചയാണ്. സംഘടനാ സമ്മേളനങ്ങൾക്കും പ്രാദേശിക ആഘോഷങ്ങൾക്കും കൂറ്റൻ കമാനങ്ങൾ ഒഴിച്ചുകൂടാനാവാത്ത ആവശ്യമായി മാറിക്കഴിഞ്ഞു. ചടങ്ങുകൾ കഴിഞ്ഞാലും ഇവ ദിവസങ്ങളോളം അപകട ഭീഷണിയുയർത്തി അവിടത്തന്നെ നിൽക്കും. കൊടിമരങ്ങളും മറ്റും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയോട്: അഭ്യർത്ഥിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു. ചർച്ചയും നടന്നില്ല, നടപടി ഉണ്ടായതുമില്ല. രാഷ്ട്രീയക്കാരെയും സംഘടനകളെയും വെറുപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം. അനധികൃത ബോർഡുകളും കൊടിതോരണങ്ങളുമൊക്കെ സ്ഥാപിച്ച് നഗരാന്തരീക്ഷം വികൃതമാക്കുന്നവരെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയായാണ് വേണ്ടത്.
കോടതി നിർദ്ദേശം വരുമ്പോൾ ഇടപെട്ടാൽ പോരാ, സ്ഥിരം സംവിധാനമായി അതു പ്രാബല്യത്തിലുണ്ടാകണം. ഇത്തരുണത്തിൽ, വർഷങ്ങൾക്കു മുൻപ് ടി.എൻ. ശേഷൻ ചീഫ് ഇലക്‌ഷൻ കമ്മിഷണറായിരുന്നപ്പോൾ കൈക്കൊണ്ട ദാക്ഷിണ്യരഹിതമായ നടപടിയാണ് ഓർമ്മ വരുന്നത്. തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ചുവരുകളും പാതവക്കുകളും ബോർഡുകളും തോരണങ്ങളുംകൊണ്ട് നിറച്ചവർ വോട്ടെടുപ്പു കഴിഞ്ഞ് മണിക്കൂറുകൾക്കകം അവ പൂർണമായും നീക്കം ചെയ്ത് എല്ലാം പഴയപടി ഭംഗിയാക്കിയ അനുഭവം ആരും മറന്നിരിക്കില്ല. ശേഷന്റെ ആയുധം പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നതിനെതിരെ പ്രയോഗിക്കാവുന്ന നിയമം മാത്രമായിരുന്നു. പ്രതിഷേധിക്കാനോ എതിർക്കാനോ ആരും മുന്നോട്ടുവന്നതുമില്ല. എല്ലാ നിയമ ലംഘനങ്ങളും ശക്തമായി നേരിടാനുള്ള നിയമം ഇവിടെയുണ്ട്. അവ പ്രയോഗിക്കപ്പെടുന്നില്ല എന്നിടത്താണ് പ്രശ്നം. നാം വസിക്കുന്ന നഗരം വൃത്തിയായി സൂക്ഷിക്കുകയെന്നത് ഓരോ നഗരവാസിയുടെയും കടമയാണ്. ഒരുകാലത്ത് ഇന്ത്യയിൽത്തന്നെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതി തിരുവനന്തപുരത്തിനുണ്ടായിരുന്നു. ഇപ്പോൾ നഗരം ഏതു സ്ഥിതിയിലാണെന്ന് നഗരവാസികൾ വിലയിരുത്തേണ്ടതാണ്.