mammotty

സ്വകാര്യ സന്ദർശനത്തിന് കുടുംബസമേതം ദുബായിൽ മമ്മൂട്ടി. രണ്ടുദിവസം കഴിഞ്ഞ് ദുബായിൽ നിന്നു മടങ്ങിയെത്തുന്ന മമ്മൂട്ടി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനിൽ ജോയിൻ ചെയ്യും. മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. നാഗർകോവിൽ ചിത്രീകരണത്തിന് തുടക്കം കുറിച്ച ചിത്രത്തിൽ എട്ടുദിവസം മമ്മൂട്ടി അഭിനയിച്ചിരുന്നു. കൊച്ചി ഷെഡ്യൂളിൽ മമ്മൂട്ടി പങ്കെടുത്തിരുന്നില്ല. ഒരുമാസത്തെ ചിത്രീകരണം കൊച്ചിയിലുണ്ട്. മമ്മൂട്ടി പ്രതിനായകനായി എത്തുന്ന ചിത്രത്തിൽ വിനായകൻ പൊലീസ് വേഷം അവതരിപ്പിക്കുന്നു.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നു.

ജിഷ്ണു ശ്രീകുമാറും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന് ഫൈസൽ അലിയാണ് ഛായാഗ്രഹണം.ദുൽഖ‌ർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ കെ. ജോസ്.

ചിത്ര സംയോജനം പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ. ഇൗ ചിത്രത്തിനുശേഷം മഹേഷ് നാരായണൻ ചിത്രമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്.

മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് മറ്റൊരു പ്രധാന താരം.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് 90 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.ഡൽഹിയും ലണ്ടനുമാണ് പ്രധാന ലൊക്കേഷൻ. മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണൻ ചിത്രത്തിൽ ആദ്യമാണ്.