1

വിഴിഞ്ഞം: കല്ലിയൂർ ഗ്രാമപഞ്ചായത്ത് പച്ചക്കറി പാടശേഖരങ്ങളിൽ കർഷകർക്കൊരു കൈത്താങ്ങ് പദ്ധതി പ്രകാരം യന്ത്രോപകരണങ്ങൾ വിതരണം ചെയ്തു. കാർഷിക യന്ത്രോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ.പ്രീജ നിർവഹിച്ചു. കഴിഞ്ഞ വർഷം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പച്ചക്കറി കർഷകർക്ക് ആയി നീക്കിവെച്ച 12 ലക്ഷം രൂപയിൽ നിന്നാണ് കർഷകർക്ക് ഉപയോഗപ്രദമായ വിധത്തിലുള്ള യന്ത്രോപകരണങ്ങൾ വാങ്ങി നൽകുന്നത്. ഇതിന്റെ ഭാഗമായി 11 പച്ചക്കറി ക്ലസ്റ്ററുകളെയും കൃഷിക്കൂട്ടങ്ങളായി രജിസ്റ്റർ ചെയ്തു. കർഷകർക്ക് മികച്ച കൂട്ടായ്മയിലൂടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും മികച്ച വരുമാനം ഉറപ്പാക്കുന്നതിനും ഇത് ഇടയാക്കി. കല്ലിയൂർ പഞ്ചായത്തിലെ മുഴുവൻ കർഷകർക്കും പ്രയോജനം ലഭിക്കത്തക്ക വിധം വിവിധ പദ്ധതികളിൽ ലയിപ്പിച്ചുകൊണ്ട് ഫാം ടൂറിസം എന്ന ആശയത്തിലേക്ക് താമസിയാതെ എത്തിച്ചേരും. ഫാം ടൂറിസം സംബന്ധിച്ച ബോധവത്കരണ പരിപാടിയും ഈ ചടങ്ങിനോട് അനുബന്ധിച്ച് നടന്നു. കൃഷി ഓഫീസർ സി.സൊപ്ന, കൃഷി അസിസ്റ്റന്റ് ജെ.എസ്.അനിൽകുമാർ,ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വസുന്ധരൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത റാണി,നേമം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻജോർജ് എന്നിവർ സംസാരിച്ചു.