
നെടുമങ്ങാട്: അക്ഷരവെളിച്ചം നിഷേധിച്ച ഒരു തലമുറയ്ക്ക് വിദ്യപകർന്ന കോക്കോതമംഗലം എൽ.പി സ്‌കൂൾ 114ാം വയസിലേക്ക്. 1910 മേയ് 14 വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഗ്രാന്റ് സ്കൂളാണ് പിൽക്കാലത്ത് പൊതുവിദ്യാലയമായി മാറിയത്. വളരെയേറെ ചരിത്രപ്രാധാന്യമുള്ള സ്കൂളിനെ പൈതൃക വിദ്യാലയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
പുലപ്പള്ളിക്കൂടം എന്ന രഹസ്യ വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഇവിടെ സവർണരുടെ മക്കളാരും എത്തിയിരുന്നില്ല. എന്നാൽ പിൽക്കാലത്ത് അയിത്തത്തിന്റെ മഞ്ഞുമലകൾ ഉരുകി, സ്കൂളിൽ എല്ലാവരും എത്തിത്തുടങ്ങി. സ്വാതന്ത്ര്യ ലബ്ദിയോടുകൂടി പട്ടം താണുപിള്ള തിരു- കൊച്ചി മുഖ്യമന്ത്രിയായപ്പോൾ തിരുവിതാംകൂറിലെ അഞ്ച് താലൂക്കുകളിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കി. ഇതിൽ ഈ സ്കൂളും ഉൾപ്പെട്ടു. ഇവിടങ്ങളിലുള്ള ഗ്രാൻഡ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തിട്ടും സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്തതിനാൽ പഴയ സ്ഥലത്ത് തന്നെ സ്കൂളിന്റെ പ്രവർത്തനം തുടർന്നു. പിന്നീട് കെ.എസ്. നാരായണൻ നായർ എന്ന പൊതുപ്രവർത്തകന്റെ ഇടപെടലിൽ തുച്ഛമായ വിലയ്ക്ക് 1955ൽ ഒരേക്കർ സ്ഥലം നൽകി. ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂളാണ് ഇന്ന് 114ാം വയസിലേക്ക് കടക്കുന്നത്.
സ്മാർട്ട് സ്‌കൂൾ ...
ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഇപ്പോൾ ഇവിടെയുണ്ട്. 80ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ് വി.ലേഖ ഉൾപ്പെടെ ആറു അദ്ധ്യാപകരാണുള്ളത്. വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കളത്തറ മധുവിന്റെ നേതൃത്വത്തിൽ കംപ്യുട്ടറും പ്രൊജക്ടറും എ.സിയും ഒരുക്കി സ്മാർട്ട് ക്ലാസ് മുറി സജ്ജമാക്കി. പഴയകെട്ടിടത്തിൽ സീലിംഗ്, ഇന്റർലോക്ക് ചെയ്ത മുറ്റം, കാളിയൂഞ്ഞാൽ അടക്കമുള്ള മിനി പാർക്ക്,ശുദ്ധജല വിതരണ പ്രവർത്തനങ്ങളും കാര്യക്ഷമം. കെ.എസ്.ശ്യാം കൃഷ്ണൻ പ്രസിഡന്റും ശ്യാം ജോർജ് വൈസ് പ്രസിഡന്റുമായുള്ള സ്‌കൂൾ പി.ടി.എ സജീവ ഇടപെടലുകളുമായി വാർഡ് മെമ്പർക്കൊപ്പമുണ്ട്. ചുറ്റുമതിൽ നവീകരണത്തിനും ബസ് ഷെൽട്ടറിനും മറ്റു പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും പി.ടി.എ പദ്ധതിയൊരുക്കിക്കഴിഞ്ഞു. പഠന, പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന വിദ്യാലയങ്ങളുടെ പട്ടികയിലാണ് ഇൗ സ്കൂൾ.