തിരുവനന്തപുരം: 19ന് നടക്കുന്ന തിരുവനന്തപുരം പൊലീസ്‌ സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ സംഘർഷം ഒഴിവാക്കാൻ കർശന സുരക്ഷ. പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലീസ്‌ മേധാവിക്ക് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. ജില്ലയ്ക്ക് പുറത്തു നിന്ന് പൊലീസിനെ സുരക്ഷയ്ക്കായി എത്തിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൊലീസുകാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് 11പേരെ സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലയിൽ ജോലിചെയ്യുന്നതും താമസിക്കുന്നതുമായ പൊലീസുകാർക്കാണ് വോട്ടവകാശമുള്ളത്.

ഭരണ സ്വാധീനം ഉപയോഗിച്ച് വോട്ടർമാരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമം നടക്കുന്നതിനാൽ ഹൈക്കോടതി ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിലവിലെ ഭരണസമിതി പ്രസിഡന്റ് ജി.ആർ. അജിത്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. വോട്ട് രേഖപ്പെടുത്തി മൊബൈൽ ഫോണിൽ പകർത്തിക്കാണിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ്‌ സംഘടനാ ഭാരവാഹികൾ പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതായി ഹർജിയിലുണ്ടായിരുന്നു.

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. പോളിംഗ് സ്റ്റേഷന് നൂറു മീറ്റർ ചുറ്റളവിൽ കൂട്ടംകൂടുന്നതും തടയും.