തിരുവനന്തപുരം : ടൂറിസം മേഖലയ്ക്ക് വലിയ സാദ്ധ്യതകളുള്ള കേരളത്തിൽ ഇപ്പോൾ ശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ട സ്ഥലമായി തിരുവനന്തപുരം മാറിയെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് . തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി) കാമ്പസിൽ എസ് സി/എസ് ടി ഫാർമേഴ്സ് ആൻഡ് ആർട്ടിസാൻസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാസ്ത്ര സാങ്കേതിക ഇന്നൊവേഷൻ പരിപാടിയുടെ കീഴിൽ ബ്രിക് ആർ.ജി.സി.ബി, എസ്.എസ്.എം.കെ, വിജ്ഞാന ഭാരതി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ആർ.ജി.സി.ബി ഡയറക്ടർ ഡോ.ചന്ദ്രഭാസ് നാരായണ അദ്ധ്യക്ഷത വഹിച്ചു. ആർ.ജി.സി.ബി ട്രൈബൽ ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായുള്ള ആറ് കമ്മ്യൂണിറ്റി എൻർപ്രൈസസ് യൂണിറ്റുകളുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു. സി.എസ്‌.ഐ.ആർ.എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്ണൻ, വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ, ആർ.ജി.സി.ബി അക്കാഡമിക്സ് ഡീൻ ഡോ.പ്രിയ ശ്രീനിവാസ്, വിഭ സെക്രട്ടറി ജനറൽ വിവേകാനന്ദ പൈ, വിഭ സെക്രട്ടറി പ്രവീൺ രാംദാസ്, എസ്.എസ്.എം.കെ സെക്രട്ടറി രാജീവ്.സി.നായർ, എസ്.എസ്.എം.കെ പ്രസിഡന്റ് ഡോ.കെ.മുരളീധരൻ, ബി.ജെ.പി നേതാക്കളായ വി.മുരളീധരൻ, കുമ്മനം രാജശേഖരൻ എന്നിവരും പങ്കെടുത്തു.