തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ മൂന്ന് പ്രധാന പണികളുടെ പശ്ചാത്തലത്തിൽ നാളെ മുതൽ അടുത്തയാഴ്ച വരെയുള്ള മിക്ക ദിവസങ്ങളിലും നഗരത്തിൽ കുടിവെള്ളം കിട്ടില്ല.19 മുതൽ 21വരെയും 23 മുതൽ 25വരെയും നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ജലവിതരണം നിറുത്തിവയ്ക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. രണ്ട് ദിവസത്തേക്ക് നിശ്ചയിച്ച പണികളാണെങ്കിലും അത് നീണ്ടാൽ കഴിഞ്ഞ മാസമുണ്ടായ കുടിവെള്ളക്ഷാമം പോലെ വലിയ പ്രശ്നമായി മാറാനും ഇടയുണ്ട്.
പേരൂർക്കട ജംഗ്ഷനിലുണ്ടായ ചോർച്ചയും വഴുതക്കാട് - ആൽത്തറ റോഡിലെയും കുര്യാത്തി സെക്ഷൻ പരിധിയിലെയും ഇന്റർകണക്ഷൻ ജോലികളുടെയും പശ്ചാത്തലത്തിലാണ് കുടിവെള്ള വിതരണം നിറുത്തിവയ്ക്കുന്നത്. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും പകരം സംവിധാനം ഏർപ്പെടുത്തുമോയെന്ന കാര്യത്തിൽ മൗനം പാലിക്കുകയാണ്.
19 മുതൽ 21 വരെ മുടങ്ങുന്ന സ്ഥലങ്ങൾ
പേരൂർക്കട ജലസംഭരണിയിൽ നിന്നുള്ള 700 എം.എം പൈപ്പിലെ ചോർച്ച പരിഹരിക്കാനുള്ള പണികൾക്കായി 19ന് രാത്രി 10 മുതൽ 21ന് രാവിലെ 6 വരെ 32 മണിക്കൂർ സമയത്തേക്കാണ് ആദ്യഘട്ടത്തിൽ ജലവിതരണം നിറുത്തിവയ്ക്കുക. പേരൂർക്കട,ഇന്ദിരാനഗർ,ഊളമ്പാറ,പൈപ്പിന്മൂട്,ശാസ്തമംഗലം,വെള്ളയമ്പലം,കവടിയാർ,നന്തൻകോട്,കുറവൻകണം,പട്ടം, പൊട്ടക്കുഴി,മുറിഞ്ഞപാലം,ഗൗരീശപട്ടം,കുമാരപുരം,മെഡിക്കൽ കോളേജ്,ഉള്ളൂർ,കേശവദാസപുരം, പരുത്തിപ്പാറ,മുട്ടട,വയലിക്കട,അമ്പലമുക്ക് എന്നീ പ്രദേശങ്ങളിലെ ജലവിതരണം തടസപ്പെടും.
23 മുതൽ 25 വരെ മുടങ്ങുന്ന സ്ഥലങ്ങൾ
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് വഴുതക്കാട് ജംഗ്ഷനിലെ പൈപ്പ് പണികളുടെ പശ്ചാത്തലത്തിൽ 23ന് രാവിലെ 8 മുതൽ 24ന് രാവിലെ 8 വരെയാണ് രണ്ടാംഘട്ട പണികൾക്കായി ജലവിതരണം നിറുത്തിവയ്ക്കുന്നത്. ആൽത്തറ - വഴുതക്കാട് റോഡിലെ പ്രധാന പൈപ്പ്‌ലൈനുമായി ആകാശവാണി റോഡിലെ ബ്രാഞ്ച് ലൈൻ ബന്ധിപ്പിക്കുന്ന പണിയാണിത്. ഇതിന്റെ പശ്ചാത്തലത്തിൽ പാളയം,സ്റ്റാച്യു,എം.ജി റോഡ്,സെക്രട്ടേറിയറ്റ്,പുളിമൂട്,എ.കെ.ജി സെന്ററിന്റെ സമീപപ്രദേശങ്ങൾ,പി.എം.ജി, ലാ കോളേജ്,കുന്നുകുഴി,വെള്ളയമ്പലം,ആൽത്തറ,സി.എസ്.എം നഗർ,വഴുതക്കാട്, കോട്ടൺഹിൽ, ഡി.പി.ഐ ജംഗ്ഷൻ, ഇടപ്പഴിഞ്ഞി,കെ.അനിരുദ്ധൻ റോഡ്,ജഗതി, തൈക്കാട്,മേട്ടുക്കട,വലിയശാല എന്നിവിടങ്ങളിൽ പൂർണമായും, ജനറൽ ഹോസ്പിറ്റൽ,തമ്പുരാൻമുക്ക്,വഞ്ചിയൂർ,ഋഷിമംഗലം,ചിറകുളം, കുമാരപുരം,അണമുഖം,കണ്ണമ്മൂല എന്നിവിടങ്ങളിൽ ഭാഗികമായും ജലവിതരണം തടസപ്പെടും.
മൂന്നാമത്തെ പണി കുര്യാത്തി സെക്ഷനിൽ
കുര്യാത്തി സെക്ഷന്റെ പരിധിയിൽ പടിഞ്ഞാറെനട കൊപ്പളം ജംഗ്ഷനിലും എസ്.പി ഫോർട്ട് ആശുപത്രിക്ക് മുന്നിലുമായി 700 എം.എം പൈപ്പ് ലൈനുകളിൽ ഇന്റർകണക്ഷൻ ജോലികൾ 24ന് രാത്രി 8 മുതൽ 25ന് രാവിലെ 8 വരെയാണ് നടക്കുക. ഇതിന്റെ പശ്ചാത്തലത്തിൽ കുര്യാത്തി,ശ്രീകണ്‌ഠേശ്വരം,ചാല,വലിയശാല,മണക്കാട്,ശ്രീവരാഹം,പെരുന്താന്നി,പാൽക്കുളങ്ങര,ചാക്ക,ഫോർട്ട്,വള്ളക്കടവ്,കമലേശ്വരം,അമ്പലത്തറ,വലിയതുറ,തമ്പാനൂർ,ശംഖുംമുഖം,കളിപ്പാൻകുളം,ആറ്റുകാൽ എന്നിവിടങ്ങളിലെ ജലവിതരണം നിറുത്തിവയ്ക്കും.