
തിരുവനന്തപുരം: ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം സംബന്ധിച്ച പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ചിട്ടില്ല. പരാതി ലഭ്യമായാൽ അത് സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരന് ഇ-മെയിൽ വഴിയോ എസ്.എം.എസ് മുഖേനയോ കൈമാറുകയാണ് പതിവ്. അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നും അധികൃതർ വിശദീകരിക്കുന്നു. പുതുതായി തുടങ്ങുന്ന പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കാൻ എ.ഡി.എം കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കാട്ടി അപേക്ഷകനായ ടി.വി. പ്രശാന്തനാണ് പരാതി നൽകിയതെന്ന് പറയപ്പെടുന്നു. ഇത്തരമൊരു പരാതി എവിടെയും ലഭിച്ചിട്ടുണ്ടെന്ന് ഇന്നലെ വരെ ഔദ്യോഗിക സംവിധാനങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
കൊന്നു കളഞ്ഞില്ലേ... ഞങ്ങളുടെ പ്രിയ സോദരനെ
'വാളിനേക്കാൾ മൂർച്ചയുള്ള വാക്കുകൊണ്ട് കൊന്നുകളഞ്ഞില്ലേ... ഞങ്ങളുടെ പ്രിയ സോദരനെ"... എ.ഡി.എം കെ. നവീൻ ബാബുവിന്റെ ചേതനയറ്റ ശരീരം പൊതുദർശനത്തിന് കിടത്തിയ പത്തനംതിട്ട കളക്ടറേറ്റ് മുറ്റത്ത് ഉയർത്തിയ ബോർഡുകളിലൊന്നിലെ വരികൾ ദുഃഖഭാരത്താൽ അമർത്തിപ്പിടിച്ച സഹപ്രവർത്തകരുടെ രോഷപ്രകടനമായിരുന്നു. 'നവീൻ പാവങ്ങളുടെ അത്താണി" എന്ന് ഉച്ചത്തിൽ അഭിമാനത്തോടെ വിളിച്ച് ഒരുവേള അവർ നിയന്ത്രണം വിട്ടു. കളക്ടറേറ്റിൽ നവീൻ ബാബുവിന്റെ അന്ത്യയാത്ര ചടങ്ങുകളിൽ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. അദ്ദേഹത്തിെനൊപ്പം പ്രവർത്തിച്ചിരുന്ന സഹപ്രവർത്തകർ അന്ത്യാഞ്ജലിയർപ്പിച്ച് കണ്ണീരോടെ മടങ്ങി.