photo

നെടുമങ്ങാട്: ടെറസിലെ മദ്യപാനം തടഞ്ഞ സുഹൃത്തിനെയും ഭാര്യയെയും കുത്തിപ്പരിക്കേല്പിച്ച ശേഷം ഒളിവിൽപ്പോയ സഹോദരന്മാർ പൊലീസിന്റെ പിടിയിൽ. അരുവിക്കര വെഞ്ചമ്പിൽ കൃഷ്ണ ഭവനിൽ എ.ഹരികൃഷ്ണൻ (25), എ.അനന്തകൃഷ്ണൻ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 16 ന് വൈകിട്ട് നാലരയോടെ ആനാട് തത്തംകോട് പള്ളിവിളാകത്ത് പുത്തൻവീട്ടിൽ എസ്.ഷിനുവിന്റെ വീട്ടിലാണ് പ്രതികൾ അതിക്രമം നടത്തിയത്. വീട്ടിൽ അതിക്രമിച്ചു കയറിയുള്ള മദ്യപാനം ഷിനുവിന്റെ അച്ഛൻ ചോദ്യം ചെയ്തപ്പോൾ ബിയർ കുപ്പി പൊട്ടിച്ചു ഷിനുവിന്റെ തലയിൽ കുത്തുകയായിരുന്നു. തടയുന്നതിനിടെ വലതു കൈ മുട്ടിലും ഇടത് കൈയിലും ആഴത്തിൽ മുറിവേറ്റു. നാലു തുന്നലുണ്ട്. ബഹളം കേട്ട് ഓടിവന്ന ഷിനുവിന്റെ ഭാര്യ അഖിലയ്ക്കും വലതു കൈ മുട്ടിനു താഴെ മുറിവേറ്റു. ആറു തുന്നലുണ്ട്. ഒളിവിൽ പോയ പ്രതികളെ അഴീക്കോട് ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.