പോത്തൻകോട്: പൊതുമാർക്കറ്റിന് സമീപത്തെ ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ടുപേർക്ക് കുത്തേറ്റു.ഇന്നലെ രാത്രി 9.30ന് പോത്തൻകോട് ജംഗ്ഷനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം. അയിരൂപ്പാറ സ്വദേശികളായ വിപിൻ (28),അഖിൽ (30) എന്നിവർക്കാണ് വയറ്റിലും കൈയിലും കുത്തേറ്റത്.
രണ്ടുപേർ കുത്തേറ്റ് കിടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്.എന്നാൽ സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരം ഇവർ പൊലീസിനോട് പറഞ്ഞിട്ടിട്ടില്ല. സംഭവം നടക്കുന്നത് കണ്ടവരുമില്ല. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും ആരും പരാതി തന്നില്ലെങ്കിലും കേസെടുക്കുമെന്നും പോത്തൻകോട് പൊലീസ് വ്യക്തമാക്കി.