വർക്കല: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിവിധ സർക്കിൾ ഓഫീസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി പരാതി. 2009 ജൂലായിലാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് രൂപീകൃതമാകുന്നത്. നിയോജക മണ്ഡലത്തിൽ ഒരു ഭക്ഷ്യസുരക്ഷാ ഓഫീസർ എന്ന നിലയിൽ 14 സർക്കിൾ ഓഫീസുകളാണ് ജില്ലയിലുള്ളത്. ഷവർമ, മത്സ്യ, ജാഗറി, ഹോളിഡേ തുടങ്ങി വിവിധ ഓപ്പറേഷനുകളായി നിരവധി ഡ്രൈവുകളാണ് ഭക്ഷ്യ സുരക്ഷയ്ക്കായി സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായും ജനോപകാരപ്രദമായും മുന്നോട്ട് കൊണ്ടുപോകുന്നതിന് പരിമിതികളുമുണ്ട്. ഓരോ സർക്കിൾ ഓഫീസുകളുടെയും പ്രവർത്തനം കാര്യക്ഷമമാക്കാൻ കുറഞ്ഞത് രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ സേവനമെങ്കിലും ലഭ്യമാക്കേണ്ടതുണ്ട്. വിനോദസഞ്ചാര മേഖലയിലെ ഒട്ടുമിക്ക റെസ്റ്റോറന്റുകളും വൈകിട്ടോടെയാണ് പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലും തെരുവോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളിലും പേരിനുപോലും പരിശോധനയില്ല. വർക്കലയിൽ ഭക്ഷ്യവിഷബാധ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും പരിശോധന കർശനമാക്കേണ്ടതുണ്ട്.
സ്‌ക്വാഡുകൾ വേണം
വർക്കല നഗരസഭയും ഏഴ് സമീപ പഞ്ചായത്തുകളിലെ 11 വില്ലേജുകളും ഉൾപ്പെടുന്നതാണ് ഭക്ഷ്യസുരക്ഷാ വർക്കല സർക്കിൾ ഓഫീസ് പരിധി. 177 കിലോമീറ്ററോളം ചുറ്റളവുള്ള വർക്കല താലൂക്കിൽ ഭക്ഷ്യസുരക്ഷാ ഓഫീസർ, ക്ലർക്ക്, ഓഫീസ് അസിസ്റ്റന്റ് എന്നീ മൂന്ന് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ഉദ്യോഗസ്ഥരുടെ അപര്യാപ്തത പലപ്പോഴും പരിശോധനയെ സാരമായി ബാധിക്കുന്നു. കുറഞ്ഞത് രണ്ട് ഉദ്യോഗസ്ഥരെയെങ്കിലും ഉൾപ്പെടുത്തി ജില്ലാ സ്‌ക്വാഡ് രൂപീകരിച്ചാൽ കൃത്യമായ പരിശോധന സാദ്ധ്യമാകും. എല്ലാ ജില്ലകളിലും രണ്ട് ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ച് സ്ഥാപനങ്ങളിലെയും ചെക്ക് പോയിന്റുകളിലെയും രാത്രികാല പരിശോധനകൾ ശക്തമാക്കണം.
ഒഴിവ് നികത്തണം
ചിറയിൻകീഴ് ഉൾപ്പെടെ ജില്ലയിൽ നാലോളം സർക്കിളുകളിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ജീവനക്കാരില്ല. സംസ്ഥാനത്ത് 60 ഓളം തസ്തികകളിൽ ഓഫീസ് അസിസ്റ്റന്റ് നിയമന ഒഴിവും നിലവിലുണ്ട്. ഒഴിവുകൾ നികത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുളള അവസരം പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
കൂടുതൽ ലാബുകൾ
അഞ്ച് ജില്ലകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിക്കുന്ന സാമ്പിളുകളാണ് തിരുവനന്തപുരം ഗവ. അനലിസ്റ്റ് ലബോറട്ടറിയിൽ പരിശോധനയ്ക്കെത്തുന്നത്. പരിശോധനാഫലം ലഭിക്കണമെങ്കിൽ ഒരു മാസത്തിലേറെ സമയമെടുക്കും. കീടനാശിനികളുടെയും മറ്റ് രാസവസ്തുക്കളുടെയും സാന്നിദ്ധ്യം പരിശോധനയിൽ കൃത്യമായി കണ്ടെത്തുന്നതിനും മാർക്കറ്റിൽ നിലവിലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ ഇവ അടങ്ങിയിട്ടുണ്ടെങ്കിൽ നടപടി കൈക്കൊള്ളുന്നതിനും സമയ ബന്ധിതമായി പരിശോധനകൾ പൂർത്തീകരിക്കേണ്ടതുണ്ട്. 14 ജില്ലകൾക്കായി 5 ലാബുകളാണ് കേരളത്തിലുള്ളത്. മൂന്ന് ജില്ലകൾക്കായി ഒരു ലാബ് എന്ന നിലയിലെങ്കിലും ഇത് ഉയർത്തിയാൽ കുറെ കൂടി വേഗത്തിൽ പരിശോധനാഫലം ലഭ്യമാകും.