
നെയ്യാറ്റിൻകര : പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളത്തിന് ജന്മനാടിന്റെ വിട. കഴിഞ്ഞദിവസം അന്തരിച്ച കോമളത്തിന്റെ ഭൗതീക ശരീരം മുനിസിപ്പൽ ടൗൺഹാളിൽ ഇന്നലെ രാവിലെ ഒൻപതരയോടെ പൊതുദർശനത്തിനെത്തിച്ചു. അവിടെ നൂറുകണക്കിനുപേർ അന്ത്യോപചാരമർപ്പിച്ചു. ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, താരങ്ങളായ ജോബി, മധുപാൽ, മായാവിശ്വനാഥ്, ജീജാസുരേന്ദ്രൻ എന്നിവർ പുഷ്പാർച്ചന നടത്തി. വിവിധ തുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. കോൺഗ്രസ്, സി.പി.എം, ബി.ജെ.പി രാഷ്ട്രീയ പാർട്ടികളുടേതടക്കം സംസ്ഥാന, ജില്ലാ നേതാക്കൾ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.നെയ്യാറ്റിൻകര ടൗണിലെ സ്കൂൾ വിദ്യാർത്ഥികളും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. തുടർന്ന് 12 ഓടെ ഭൗതീക ശരീരം വഴുതൂരിലെ വീട്ടുവളപ്പിലെത്തിച്ച് സംസ്കാരം നടത്തി. സഹോദരന്റെ മകൻ സഞ്ജയ് കുമാറാണ് ചിതയ്ക്ക് തീകൊളുത്തിയത്.