plain

വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിദേശ വിമാന സർവീസുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി താറുമാറായിരിക്കുകയാണ്. ആയിരക്കണക്കിനു യാത്രക്കാർക്കാണ് സാമൂഹ്യവിരുദ്ധരുടെ ബോംബ് ഭീഷണിയിൽ കുടുങ്ങി യാത്രാതടസം നേരിട്ടുകൊണ്ടിരിക്കുന്നത്. വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിൽ ആദ്യം ഒരു പതിനേഴുകാരൻ തുടങ്ങിവച്ച ബോംബ് കളി പിന്നീട് ദുഷ്ടബുദ്ധികളായ പല വിധ്വംസക ശക്തികളും ഏറ്റെടുക്കുകയായിരുന്നു. ആദ്യം എയർ ഇന്ത്യാ ഫ്ളൈറ്റുകൾ മാത്രമാണ് ഇക്കൂട്ടർ ലക്ഷ്യമിട്ടിരുന്നത്. പിന്നീടത് രാജ്യത്തെ എല്ലാ വിമാന കമ്പനികളിലേക്കും നീണ്ടുചെന്നു. ഇപ്പോൾ അനിശ്ചിതത്വം സൃഷ്ടിച്ചുകൊണ്ട് വിദേശ വിമാന സർവീസുകൾ മുൾമുനയിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ നഗരങ്ങളിൽ നിന്നുമുള്ള സർവീസുകളെയും വ്യാജ ബോംബ് ഭീഷണി ബാധിക്കുന്നുണ്ട്. വ്യാഴാഴ്ച അഞ്ച് എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനങ്ങളുൾപ്പെടെ എട്ടു സർവീസുകൾക്കാണ് തടസം നേരിട്ടത്. വിസ്താര, ഇൻഡിഗോ തുടങ്ങിയ കമ്പനികളും ഭീഷണി നേരിട്ടവയിൽപ്പെടുന്നു.

വ്യോമയാന രംഗം അസ്ഥിരപ്പെടുത്താനുള്ള സാമൂഹ്യവിരുദ്ധ ശക്തികളുടെ ആസൂത്രിത പദ്ധതിയായിട്ടേ ഇപ്പോഴത്തെ ഈ കുടില തന്ത്രങ്ങളെ കാണാനാവൂ. വിമാന കമ്പനികളെയും പതിനായിരക്കണക്കിന് വിമാന യാത്രികരെയും വട്ടം കറക്കുന്ന ഇത്തരം ദേശവിരുദ്ധ പ്രവൃത്തികളെ ഒരു ദാക്ഷിണ്യവുമില്ലാതെ നേരിടുകയെന്നതാണ് ഭരണകൂടത്തിന് ചെയ്യാനാവുന്ന ഏക കാര്യം. ഇതുപോലുള്ള വ്യാജ ഭീഷണികൾ നേരിടാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി വ്യോമയാന മന്ത്രി ഇതിനകം പറഞ്ഞിട്ടുണ്ട്. നടപടി ഒട്ടും വൈകാതെ കൊണ്ടുവരികയാണു വേണ്ടത്. ഭീഷണി സന്ദേശം അയയ്ക്കുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കണം. ഇങ്ങനെയുള്ളവർക്ക് വിമാനങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്ന കാര്യത്തെക്കുറിച്ചും മന്ത്രി സൂചന നൽകി. എന്നാൽ,​ കൂടുതൽ കർക്കശമായ ശിക്ഷ നൽകാൻ പാകത്തിൽ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പൊളിച്ചെഴുതുകതന്നെ വേണം.

വലിയ തുകയ്ക്ക് ടിക്കറ്റും വാങ്ങി വിമാനയാത്ര ചെയ്യാനെത്തുന്നവർ ബോംബുഭീഷണി കാരണം അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷം പറഞ്ഞറിയിക്കാനാവാത്തതാണ്. മിക്കവാറും യാത്ര പുറപ്പെട്ട ശേഷമാവും ഭീഷണി സന്ദേശം എത്തുന്നത്. തിരിച്ചിറക്കുകയോ വഴിതിരിച്ചുവിട്ട് മറ്റേതെങ്കിലും വിമാനത്താവളത്തിലിറക്കുകയോ ആണ് ഇത്തരം സന്ദർഭങ്ങളിൽ സാധാരണ ചെയ്യാറുള്ളത്. ഭീഷണി വർദ്ധിച്ചതോടെ ചില രാജ്യങ്ങൾ തങ്ങളുടെ സൈനിക വിമാനങ്ങളുടെ അകമ്പടി ഏർപ്പെടുത്തി,​ ഇന്ത്യൻ വിമാനങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച അനുഭവങ്ങളുമുണ്ടായി. കാനഡ, ഇംഗ്ളണ്ട്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലും കനേഡിയൻ ഗവൺമെന്റ് രണ്ടു യുദ്ധവിമാനങ്ങൾ എയർ ഇന്ത്യാ വിമാനത്തിന് അകമ്പടി നൽകാൻ മുന്നോട്ടുവന്നത് എടുത്തു പറയേണ്ടതാണ്. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത് വേഗം യാത്ര പൂർത്തിയാക്കാനാഗ്രഹിക്കുന്ന യാത്രക്കാർക്ക് സാമൂഹ്യവിരുദ്ധന്മാരുടെ ഇതുപോലുള്ള വ്യാജ ഭീഷണി ഓർക്കാപ്പുറത്തുള്ള അടിയാണ്.

അതുകൊണ്ടുതന്നെ ഇത്തരം ദുഷ്ടശക്തികളെ എന്തു വിലകൊടുത്തും കണ്ടുപിടിച്ച് അതികഠിന ശിക്ഷ നൽകാൻ നിയമം കൊണ്ടുവരണം. യാത്രാവിലക്കു മാത്രമല്ല,​ ഇത്തരക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടി മാതൃക സൃഷ്ടിക്കാനുള്ള നിയമം വന്നാലേ ഈ സാമൂഹ്യ ദ്രോഹത്തിൽ നിന്ന് അവർ പിന്തിരിയൂ. സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാണ് ഛിദ്രശക്തികൾ ബോംബ് ഭീഷണി മുഴക്കാറുള്ളത്. ഉറവിടം കണ്ടുപിടിച്ച് പ്രതികളെ പിടികൂടാൻ കഴിയുമെന്നിരിക്കെ സുരക്ഷാ ഏജൻസികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. വിമാന സർവീസുകൾ പരക്കെ താറുമാറാക്കാൻ ചെറിയൊരു വിഭാഗം സാമൂഹ്യവിരുദ്ധരെ അനുവദിച്ചാൽ മറ്റു യാത്രാ മാർഗങ്ങളിലേക്കും ഇവർ കടന്നുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ട്. ഈയിടെ തമിഴ‌്നാട്ടിലുണ്ടായ ട്രെയിൻ അപകടത്തിനു പിന്നിൽ അട്ടിമറി ശ്രമമായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ട്രെയിനുകൾ അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. വിദ്ധ്വംസക ശക്തികൾ രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഇതുപോലുള്ള ദ്രോഹ പ്രവൃത്തികൾ കർക്കശമായി തടഞ്ഞില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും.