തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങുന്ന യാത്രക്കാർക്ക് ആശ്വാസമായിരുന്ന പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ പൂട്ടി മാസങ്ങളായിട്ടും തുറക്കാൻ നടപടിയില്ല. ഇതോടെ ട്രെയിനിറങ്ങുന്ന യാത്രക്കാർ അത്യാവശ്യ സ്ഥലങ്ങളിലേക്ക് പോകാൻ ഓട്ടോ കിട്ടാതെ പെടാപ്പാട് പെടുകയാണ്.

ചെറിയ ദൂരം ഓട്ടം വിളിച്ചാൽ വരാൻ തയ്യാറാകാത്തതിൽ യാത്രക്കാരും ഓട്ടോറിക്ഷക്കാരും തമ്മിൽ തർക്കം പതിവാണ്.ഭൂരിഭാഗം ഓട്ടോറിക്ഷാ ഡ്രൈവർമാരും മാന്യമായി പെരുമാറുന്നവരാണ്.എന്നാൽ ചിലർ അധികകൂലി ഈടാക്കുന്നതായി പരാതിയുണ്ട്.

നഗരസഭയുടെയും ട്രാഫിക് പൊലീസിന്റെയും ചുമതലയിലായിരുന്നു കൗണ്ടർ പ്രവർത്തിച്ചിരുന്നത്.കൗണ്ടറിലെ ജീവനക്കാർക്കുള്ള വേതനം നൽകുന്നത് നഗരസഭയാണ്. നാമമാത്രമായ വേതനമായതിനാലാണ് ജീവനക്കാർ ജോലി ഉപേക്ഷിച്ചതും കൗണ്ടറിന്റെ പ്രവർത്തനം നിറുത്തേണ്ടിവന്നതും. രണ്ടുമാസം മുൻപാണ് പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ പൂട്ടിയത്. യാത്രക്കാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും തുറക്കാൻ നടപടിയായില്ല.ഇതോടെ യാത്രക്കാർ മാത്രമല്ല ഓട്ടോറിക്ഷക്കാരും ബുദ്ധിമുട്ടിലായി.കൗണ്ടർ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു,ഐ.എൻ.ടി.യു.സി,ബി.എം.എസ് എന്നീ ഓട്ടോതൊഴിലാളി യൂണിയനുകൾ സംയുക്തമായി ട്രാഫിക് അസി.കമ്മീഷണറെ കണ്ട് പരാതി ഉന്നയിച്ചെങ്കിലും പരിഹാരമായില്ല.

ദിവസം 400 രൂപ വേതനം

സ്റ്റേഷനിൽ ആദ്യ ട്രെയിൻ വരുന്ന പുലർച്ചെ 3.30 മുതലാണ് കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നത്.അവസാന വണ്ടി വന്നുപോകുന്ന രാത്രി 10.30ന് ശേഷമേ കൗണ്ടറടയ്ക്കാൻ കഴിയൂ.രാവിലെ മുതൽ ഉച്ചവരെ ഒരാളും തുടർന്ന് മറ്റൊരാളും മാറിമാറിയാണ്‌ ഇവിടെ ജോലി ചെയ്തിരുന്നത്.ദിവസം 400 രൂപയായിരുന്നു വേതനം.തുച്ഛമായ വേതനമായതിനാലാണ് ജീവനക്കാർ ജോലി മതിയാക്കിയത്.

65 ഓട്ടോറിക്ഷകൾ

പേട്ട റെയിൽവേസ്റ്റേഷനിലെ സ്റ്റാൻഡിൽ 65 ഓട്ടോറിക്ഷകളാണുള്ളത്.കൗണ്ടർ അടച്ചതോടെ അധിക കൂലി ഈടാക്കുമെന്ന ഭയത്താൽ ഭൂരിപക്ഷം യാത്രക്കാരും ഓട്ടം വിളിക്കാതായി.ഇതോടെ ഓട്ടോക്കാരുടെ വരുമാനവും നിലച്ചു.

നാല് പ്രീ പെയ്ഡ്

കൗണ്ടറുകളും പൂട്ടി

തലസ്ഥാനത്ത് ആകെയുണ്ടായിരുന്ന 6 പ്രീപെയ്ഡ് കൗണ്ടറുകളിൽ നാലെണ്ണവും ഇപ്പോൾ പ്രവർത്തിക്കുന്നില്ല . യാത്രക്കാർക്ക് ഏറെ ഉപകാരമായിരുന്ന കൗണ്ടർ തുറക്കാൻ വേണ്ട നടപടികളൊന്നും നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഓട്ടം വിളിക്കാനെത്തുന്ന യാത്രക്കാരിൽ നിന്ന് രണ്ടുരൂപ വീതം ഫീസ് വാങ്ങാറുണ്ട്. ഇതാണ് കൗണ്ടറിന്റെ വരുമാനമാർഗം.ഈ തുക കൊണ്ട് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയുന്നില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.എന്നാൽ ഫീസ് ഒരു രൂപ കൂടി വർദ്ധിപ്പിക്കുകയോ മറ്റേതെങ്കിലും ഫണ്ട് അനുവദിച്ചോ പ്രശ്‌നപരിഹാരമുണ്ടാക്കാനും അധികൃതർ തയ്യാറാകുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.

പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ തുറക്കാനുള്ള നടപടിയുണ്ടാകണം.ഇക്കാര്യം ഉന്നയിച്ച് നഗരസഭാ അധികൃതർക്ക് നിവേദനം നൽകും.

പ്രസന്നകുമാർ,ഓട്ടോറിക്ഷ ഡ്രൈവർ